Thursday, January 20, 2011

കലയുടെ മാമാങ്കം- ഇന്ത്യാ ആര്‍ട്ട് സമ്മിറ്റ് ൨൦൧൧.



ഇപ്പോള്‍ ഡല്‍ഹിയില്‍ തണുപ്പുണ്ട്. നിറയെ കലാകാരന്മാരും. ഇവിടെ കലയുടെ ഉച്ചകോടി നടക്കുകയാണ്. പ്രഗതി മൈതാനത്തിലാണ് മാമാങ്കം. കണക്കു പ്രകാരം മൂന്നു ദിവസമാണ് അങ്കം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് മാത്രമല്ല അന്യ രാജ്യങ്ങളില്‍ നിന്നും ധാരാളം കല പ്രേമികള്‍ എത്തിയിട്ടുണ്ട്. പകല്‍ മുഴുവന്‍ കല കാണലും രാത്രി മുഴുവന്‍ കുടിയും പാട്ടും ഉണ്ടാകും എന്ന് അച്ചടിച്ച രേഖകള്‍ പറയുന്നുണ്ട്.

ഗ്യാലറികള്‍ അവരവരുടെ കലാകാരന്മാരുടെ കലാ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കും. കലാ രംഗത്തെ സംസ്കൃത പണ്ഡിതന്മാര്‍ സെമിനാറുകളില്‍ അന്യോന്യം നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് പട്ടും വളയും ഒന്നും കിട്ടില്ല. വി. കെ. എന്‍ പറഞ്ഞത് പോലെ അശോകന്റെ ഹോട്ടെലില്‍ കിടപ്പും കുടിയും ആകാശമാര്‍ഗം പോകാന്‍, മറ്റൊരു ക്ലാസ്സിനും അര്‍ഹതയില്ലാത്ത വിഭാഗം എന്ന് കണക്കാക്കി ഇക്കണോമി ക്ലാസ്സില്‍ ടിക്കെറ്റും നല്‍കും. വലിയ കഷ്ടം തോന്നുന്നത് ഈ പണ്ഡിതന്മാര്‍ ബിസ്ലേരി വെള്ളത്തിന്റെ ബലത്തില്‍ വാദം നടത്തുമ്പോള്‍ കാണികളായി വന്നിരിക്കുന്ന കക്ഷികള്‍ ഇടയ്ക്കിടെ വായില്‍ സബ് വേയും കൈകളില്‍ ചൂട് കാപ്പിയുമായി ഇറങ്ങിപ്പോക്ക് നടത്തുമ്പോഴാണ്.

ആര്‍ട്ടിന്റെ ഈ ഉച്ചകോടിയില്‍ പ്രധാനമായും നടക്കുന്നത് ക്രയ വിക്രയം എന്ന് നല്ല പേരില്‍ അറിയപ്പെടുന്ന കച്ചവടമാണ്. വരുന്ന വര്‍ഷത്തെ സാമ്പത്തിക കാലയളവില്‍ പണ്ട് ഫോടോഗ്രഫുകളിലും സിനിമകളിലും കണ്ടുവന്നിരുന്ന നിറങ്ങളായ കറുപ്പും വെളുപ്പും നിറങ്ങളുള്ള പണം എവിടെ ഇറക്കണം എന്ന് വിചാരപ്പെടുന്നവരും, അവരെ പറഞ്ഞു പിടിപ്പിക്കാനായി ദലാല്‍പ്പണി നടത്തുന്ന ഗ്യാലരിക്കാരും, ലോകത്തുള്ള എന്തും ഇംഗ്ലീഷ് പറഞ്ഞാല്‍ വില്‍ക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന കുറെ മധ്യവയസ്കകളും, കലയെന്നാല്‍ ചക്കയാണോ കുരുവാണോ എന്ന് അറിഞ്ഞു കൂടാത്ത കുറെ സ്ഥാപിത താത്പര്യക്കാരും കൂടിയുള്ള ഒരു ഒത്തു കളിയാണ് ഈ മാമാങ്കത്തിന്റെ ഊര്‍ജം.

കാണികളെയും കലാ പ്രേമികളെയും രണ്ടു തരമായി തിരിച്ചിരിക്കുന്നു. ഒന്നാമത്തെ വിഭാഗത്തെ വി. ഐ. പി- കള്‍ എന്ന് പറയുന്നു. ഇവര്‍ക്ക് ചായയും കടിയും ഫ്രീ. കഴുത്തില്‍ സവിശേഷമായ പാസ്. എല്ലായിടത്തും ഇവര്‍ക്ക് നിര്‍ബാധം പ്രവേശിക്കാം. രണ്ടാമത്തെ വിഭാഗത്തിന് ഇന്നത്‌ എന്നൊരു പേര് ജനാധിപത്യ സംവിധാനത്തില്‍ ഇല്ല. പൊതുവേ ഇവരെ ജനം എന്ന് പറയുമെങ്കിലും ഈ ഉച്ചകോടിയുടെ കാര്യത്തിലാകുമ്പോള്‍ കലാകാരന്മാര്‍ ഉള്‍പ്പെടുന്ന കലാപ്രേമികളുടെ ഒരു വിഭാഗം എന്നേ പറയാനാകൂ. വി. ഐ. പി -കള്‍ പങ്കെടുക്കുന്ന എന്ത് പരിപാടിയുടെയും ചുറ്റുവട്ടത് ഈ വിഭാഗം എക്കാലവും ഉണ്ടായിരിക്കും. മാമാങ്ക നാളുകളില്‍ പാസ്സിനായി ഇവര്‍ പെടാപ്പാടു പെടും. ഇവര്‍ക്ക് ദേശകാല വ്യത്യാസങ്ങളില്ല. സങ്കടമാണ് ഇവരുടെ മുഖത്ത് തെളിയുന്ന സ്ഥായീ ഭാവം. ഉച്ചകോടിയില്‍ കാതലായ കലയെപ്പറ്റി രൂക്ഷമായ ചര്‍ച്ചകള്‍ നടത്തുന്ന ഒരേ ഒരു വിഭാഗവും ഇവരാണ്. വൈകുന്നേരമാകുമ്പോള്‍, പ്രഗതി മൈതാനം പൂട്ടുന്നത് വരെയും ഇവര്‍ അവിടെ ഉണ്ടാകും. വി. ഐ. പി-കള്‍ കഴുത്തിലെ പാസിന്റെ ബലത്തില്‍ വിരുന്നുകള്‍ക്ക് പോകുമ്പോള്‍, ഇവര്‍ കൂട്ടം ചേര്‍ന്ന് ഒരു കുപ്പി ജര്‍ജ്ജര ഭിക്ഷു വാങ്ങാന്‍ പിരിവെടുക്കും. ഇല്ലെങ്കില്‍ സൌജന്യമായി മദ്യം വിളമ്പുന്ന ഗ്യാലറികളില്‍ എത്തിപ്പെടും. അതുമില്ലെങ്കില്‍, താത്കാലിക താവളംങ്ങളിലേക്ക് കുറച്ചധികം അസ്തിത്വ ഭാരവുമായി തിരികെപ്പോകും- നാളയുടെ സുപ്രഭാതത്തില്‍ ഉണരാന്‍ വേണ്ടി മാത്രം.

എനിക്ക് ഇവരെ വേഗം തിരിച്ചറിയാം. കാരണം ഒരു കാലത്ത് ഞാന്‍ ഇവരായിരുന്നു. ഇന്നും ഇവരുടെ കണ്ണുകളിലൂടെ മാമാങ്കം കാണുവാനാണ് എനിക്കിഷ്ടം. ആ കാഴ്ച്ച മാത്രമാണ് സത്യം. അവര്‍ പച്ച കാലുറകള്‍ ധരിക്കുകയോ, രാത്രി കൂളിംഗ് ഗ്ലാസ്‌ വയ്ക്കുകയോ, ചുവന്ന നിറത്തിലുള്ള ഷൂവുകള്‍ ഇടുകയോ, മലയാളികളോട് ഇംഗ്ലീഷില്‍ സംസാരിക്കുകയോ ചെയ്യുകയില്ല.

ഈ മാമാങ്കം കാണുവാന്‍ ആദ്യമായി ഡല്‍ഹിയില്‍ വരുന്ന യുവാക്കള്‍ക്ക് ഒരു ഓമനപ്പേര് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ട്ട്പ്പന്മാര്‍. കന്നിയയ്യപ്പന്മാര്‍. ആഗ്രഹങ്ങളുടെ നെയ്യ് നിറച്ച ഹൃദയകേരവും അക്കാദമിക പാപങ്ങളുടെ ഇരുമുടിക്കെട്ടുമായി ഇവര്‍ മല ചവിട്ടുന്നു.

കലമല കയറ്റം കഠിനം എന്ടയ്യപ്പാ.

1 comment:

  1. കലാരംഗത്തെ കലപിലകള്‍...എഴുത്ത്‌ നന്നായി. നന്ദി

    ReplyDelete