Saturday, January 29, 2011

കലാരംഗത്തെ ഫലിതങ്ങള്‍- 1

കലാകാരന്മാര്‍ നല്ല ഫലിതപ്രിയര്‍ കൂടിയാണ്. എന്ന് മാത്രമല്ല പലപ്പോഴും അവര്‍ ഫലിത പ്രയോഗങ്ങള്‍ക്കു പാത്രീഭൂതരും ആകാറുണ്ട്.

ജ്ഞാനപ്പഴം
ഒരു ദിവസം നമ്മുടെ കലാകാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു. കൂട്ടത്തിലൊരാള്‍, കുറച്ചു മദ്യം അകത്തു ചെന്നപ്പോള്‍ പുറമേക്ക് താത്വികന്നായി. ജ്ഞാനപ്പഴത്തെ പറ്റിയായിരുന്നു പിന്നെ അവന്‍ പറഞ്ഞത്.

അപ്പോള്‍ ആണ്ടിലധികവും വേറെ നിവൃത്തിയില്ലാത്തതിനാല്‍ വിദേശത്തു ജീവിക്കുന്ന നമ്മുടെ കലാകാരന്‍ എഴുന്നേറ്റു നിന്ന് ജ്ഞാനപ്പഴത്തെ സാധൂകരിച്ചു എന്തൊക്കയോ പറയുവാന്‍ തുടങ്ങി. ആവേശം മുറ്റിനിന്ന സംഭാഷണം.

കുറെക്കഴിഞ്ഞപ്പോള്‍ എന്തോ ഒരു പന്തികേട്‌. എല്ലാവരും ശ്രദ്ധിച്ചു. അപ്പോഴാണ്‌ മനസ്സിലാകുന്നത്‌, നമ്മുടെ കലാകാരന്‍ മാമ്പഴത്തെ കുറിച്ചാണ് ഇത്രയും ആവേശം മൂത്ത് സംസാരിച്ചു കൊണ്ടിരുന്നത്. ബഹളത്തിനിടയില്‍, ജ്ഞാനപ്പഴത്തെ നമ്മുടെ കലാകാരന്‍ മാമ്പഴമായി തെറ്റിദ്ധരിക്കുകയായിരുന്നു.

കമ്പോളം

കലയ്ക്കും സിനിമയ്ക്കും ഇടയില്‍ ഓടിനടക്കുന്ന ഒരു കലാകാരന്‍ സുഹൃത്തായ കലാനിരൂപകനോട്: എന്താ കലയുടെ കമ്പോളം ഇങ്ങിനി വരാത്ത വണ്ണം ഇടിഞ്ഞോ?

കലാ നിരൂപകന്‍: അതെന്താ സുഹൃത്തേ അങ്ങിനെയൊരു തോന്നല്‍ ഇപ്പോള്‍?

കലാകാരന്‍: അല്ല, ചിത്രകാരന്മാരെല്ലാം വീണ്ടും പരസ്പരം കുറ്റം പറഞ്ഞു തുടങ്ങുന്നതായി ഞാന്‍ കേട്ടു.

ബൂമും സാമൂഹ്യബോധവും

കമ്പോള ബൂമില്‍ കലാകാരന്മാര്‍ പറഞ്ഞത്: വെറുതെ സോഷ്യല്‍ കമ്മിട്മെന്റ്റ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവനവന്റെ പ്രയത്നത്തിന്റെ ഫലം അവനവനു കിട്ടും. കലയും കമ്പോളവും തമ്മിലുള്ള ബന്ധത്തെ അങ്ങിനെ തള്ളിപ്പറയാന്‍ കഴിയില്ല.

കമ്പോള തകര്‍ച്ചയില്‍ പറഞ്ഞുകേട്ടത്: നമുക്ക് കൂട്ടായ്മകള്‍ ഉണ്ടാകേണ്ടതുണ്ട്. കലയെന്നാല്‍ സമൂഹ മനുഷ്യന്റെ കൂട്ടായ്മയില്‍ നിന്നുണ്ടാകുന്നതാണ്.

Thursday, January 20, 2011

കലയുടെ മാമാങ്കം- ഇന്ത്യാ ആര്‍ട്ട് സമ്മിറ്റ് ൨൦൧൧.ഇപ്പോള്‍ ഡല്‍ഹിയില്‍ തണുപ്പുണ്ട്. നിറയെ കലാകാരന്മാരും. ഇവിടെ കലയുടെ ഉച്ചകോടി നടക്കുകയാണ്. പ്രഗതി മൈതാനത്തിലാണ് മാമാങ്കം. കണക്കു പ്രകാരം മൂന്നു ദിവസമാണ് അങ്കം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് മാത്രമല്ല അന്യ രാജ്യങ്ങളില്‍ നിന്നും ധാരാളം കല പ്രേമികള്‍ എത്തിയിട്ടുണ്ട്. പകല്‍ മുഴുവന്‍ കല കാണലും രാത്രി മുഴുവന്‍ കുടിയും പാട്ടും ഉണ്ടാകും എന്ന് അച്ചടിച്ച രേഖകള്‍ പറയുന്നുണ്ട്.

ഗ്യാലറികള്‍ അവരവരുടെ കലാകാരന്മാരുടെ കലാ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കും. കലാ രംഗത്തെ സംസ്കൃത പണ്ഡിതന്മാര്‍ സെമിനാറുകളില്‍ അന്യോന്യം നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് പട്ടും വളയും ഒന്നും കിട്ടില്ല. വി. കെ. എന്‍ പറഞ്ഞത് പോലെ അശോകന്റെ ഹോട്ടെലില്‍ കിടപ്പും കുടിയും ആകാശമാര്‍ഗം പോകാന്‍, മറ്റൊരു ക്ലാസ്സിനും അര്‍ഹതയില്ലാത്ത വിഭാഗം എന്ന് കണക്കാക്കി ഇക്കണോമി ക്ലാസ്സില്‍ ടിക്കെറ്റും നല്‍കും. വലിയ കഷ്ടം തോന്നുന്നത് ഈ പണ്ഡിതന്മാര്‍ ബിസ്ലേരി വെള്ളത്തിന്റെ ബലത്തില്‍ വാദം നടത്തുമ്പോള്‍ കാണികളായി വന്നിരിക്കുന്ന കക്ഷികള്‍ ഇടയ്ക്കിടെ വായില്‍ സബ് വേയും കൈകളില്‍ ചൂട് കാപ്പിയുമായി ഇറങ്ങിപ്പോക്ക് നടത്തുമ്പോഴാണ്.

ആര്‍ട്ടിന്റെ ഈ ഉച്ചകോടിയില്‍ പ്രധാനമായും നടക്കുന്നത് ക്രയ വിക്രയം എന്ന് നല്ല പേരില്‍ അറിയപ്പെടുന്ന കച്ചവടമാണ്. വരുന്ന വര്‍ഷത്തെ സാമ്പത്തിക കാലയളവില്‍ പണ്ട് ഫോടോഗ്രഫുകളിലും സിനിമകളിലും കണ്ടുവന്നിരുന്ന നിറങ്ങളായ കറുപ്പും വെളുപ്പും നിറങ്ങളുള്ള പണം എവിടെ ഇറക്കണം എന്ന് വിചാരപ്പെടുന്നവരും, അവരെ പറഞ്ഞു പിടിപ്പിക്കാനായി ദലാല്‍പ്പണി നടത്തുന്ന ഗ്യാലരിക്കാരും, ലോകത്തുള്ള എന്തും ഇംഗ്ലീഷ് പറഞ്ഞാല്‍ വില്‍ക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന കുറെ മധ്യവയസ്കകളും, കലയെന്നാല്‍ ചക്കയാണോ കുരുവാണോ എന്ന് അറിഞ്ഞു കൂടാത്ത കുറെ സ്ഥാപിത താത്പര്യക്കാരും കൂടിയുള്ള ഒരു ഒത്തു കളിയാണ് ഈ മാമാങ്കത്തിന്റെ ഊര്‍ജം.

കാണികളെയും കലാ പ്രേമികളെയും രണ്ടു തരമായി തിരിച്ചിരിക്കുന്നു. ഒന്നാമത്തെ വിഭാഗത്തെ വി. ഐ. പി- കള്‍ എന്ന് പറയുന്നു. ഇവര്‍ക്ക് ചായയും കടിയും ഫ്രീ. കഴുത്തില്‍ സവിശേഷമായ പാസ്. എല്ലായിടത്തും ഇവര്‍ക്ക് നിര്‍ബാധം പ്രവേശിക്കാം. രണ്ടാമത്തെ വിഭാഗത്തിന് ഇന്നത്‌ എന്നൊരു പേര് ജനാധിപത്യ സംവിധാനത്തില്‍ ഇല്ല. പൊതുവേ ഇവരെ ജനം എന്ന് പറയുമെങ്കിലും ഈ ഉച്ചകോടിയുടെ കാര്യത്തിലാകുമ്പോള്‍ കലാകാരന്മാര്‍ ഉള്‍പ്പെടുന്ന കലാപ്രേമികളുടെ ഒരു വിഭാഗം എന്നേ പറയാനാകൂ. വി. ഐ. പി -കള്‍ പങ്കെടുക്കുന്ന എന്ത് പരിപാടിയുടെയും ചുറ്റുവട്ടത് ഈ വിഭാഗം എക്കാലവും ഉണ്ടായിരിക്കും. മാമാങ്ക നാളുകളില്‍ പാസ്സിനായി ഇവര്‍ പെടാപ്പാടു പെടും. ഇവര്‍ക്ക് ദേശകാല വ്യത്യാസങ്ങളില്ല. സങ്കടമാണ് ഇവരുടെ മുഖത്ത് തെളിയുന്ന സ്ഥായീ ഭാവം. ഉച്ചകോടിയില്‍ കാതലായ കലയെപ്പറ്റി രൂക്ഷമായ ചര്‍ച്ചകള്‍ നടത്തുന്ന ഒരേ ഒരു വിഭാഗവും ഇവരാണ്. വൈകുന്നേരമാകുമ്പോള്‍, പ്രഗതി മൈതാനം പൂട്ടുന്നത് വരെയും ഇവര്‍ അവിടെ ഉണ്ടാകും. വി. ഐ. പി-കള്‍ കഴുത്തിലെ പാസിന്റെ ബലത്തില്‍ വിരുന്നുകള്‍ക്ക് പോകുമ്പോള്‍, ഇവര്‍ കൂട്ടം ചേര്‍ന്ന് ഒരു കുപ്പി ജര്‍ജ്ജര ഭിക്ഷു വാങ്ങാന്‍ പിരിവെടുക്കും. ഇല്ലെങ്കില്‍ സൌജന്യമായി മദ്യം വിളമ്പുന്ന ഗ്യാലറികളില്‍ എത്തിപ്പെടും. അതുമില്ലെങ്കില്‍, താത്കാലിക താവളംങ്ങളിലേക്ക് കുറച്ചധികം അസ്തിത്വ ഭാരവുമായി തിരികെപ്പോകും- നാളയുടെ സുപ്രഭാതത്തില്‍ ഉണരാന്‍ വേണ്ടി മാത്രം.

എനിക്ക് ഇവരെ വേഗം തിരിച്ചറിയാം. കാരണം ഒരു കാലത്ത് ഞാന്‍ ഇവരായിരുന്നു. ഇന്നും ഇവരുടെ കണ്ണുകളിലൂടെ മാമാങ്കം കാണുവാനാണ് എനിക്കിഷ്ടം. ആ കാഴ്ച്ച മാത്രമാണ് സത്യം. അവര്‍ പച്ച കാലുറകള്‍ ധരിക്കുകയോ, രാത്രി കൂളിംഗ് ഗ്ലാസ്‌ വയ്ക്കുകയോ, ചുവന്ന നിറത്തിലുള്ള ഷൂവുകള്‍ ഇടുകയോ, മലയാളികളോട് ഇംഗ്ലീഷില്‍ സംസാരിക്കുകയോ ചെയ്യുകയില്ല.

ഈ മാമാങ്കം കാണുവാന്‍ ആദ്യമായി ഡല്‍ഹിയില്‍ വരുന്ന യുവാക്കള്‍ക്ക് ഒരു ഓമനപ്പേര് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ട്ട്പ്പന്മാര്‍. കന്നിയയ്യപ്പന്മാര്‍. ആഗ്രഹങ്ങളുടെ നെയ്യ് നിറച്ച ഹൃദയകേരവും അക്കാദമിക പാപങ്ങളുടെ ഇരുമുടിക്കെട്ടുമായി ഇവര്‍ മല ചവിട്ടുന്നു.

കലമല കയറ്റം കഠിനം എന്ടയ്യപ്പാ.

Monday, January 17, 2011

കാതറകായും തയും റായും കൂട്ടിവെച്ചാല്‍
ഒരു ആളാകുമെന്നു
പൊട്ടിപ്പോയ സ്ലേറ്റിന്റെ
മഷി നോട്ടത്തില്‍ കണ്ടു.

അമ്മയായിരുന്നു താന്ത്രിക.

പ്ലാവിലയില്‍ തല കീറി
പശുവേ ഉണ്ടാക്കി
രായെന്നോരക്ഷരത്തില്‍ നിന്ന്
എലിയെ പടച്ചു
ജ്യാമിതീയങ്ങളില്‍ നിന്നും
മാര്‍ജാര സംഹിത.

നായില്‍ നിന്നൊരു കോഴി
പായില്‍ നിന്നൊരു കിളി
പുറത്തു പട്ടിയും കുറുക്കനും
നദിക്കരയില്‍ വേടനും.

പഠിച്ചവനും പടച്ചവനും
ചതുരംഗം കളിക്കുന്നു
കാതറയുടെ കയ്യില്‍
തോക്ക് മുളയ്ക്കുന്നു.

തൊപ്പി, വടി, തോക്ക്
മുറി മീശ- ഇവ കണ്ടാല്‍
ഇപ്പോള്‍ പേടിയും ചിരിയും
ഒരുമിച്ചു വരും.

൨൦൧൧- ന്യൂ ഡല്‍ഹി

Sunday, January 16, 2011

ആളൊഴിഞ്ഞ വീട്

ആളൊഴിഞ്ഞ വീട്
ഒരു രൂപകം മാത്രമല്ല രൂപവുമാണ്
ആളൊഴിഞ്ഞ വീട്ടില്‍
അടുപ്പോഴിയുന്നു
ആട്ടു കട്ടിലില്‍ ചിതല്‍ പെരുക്കുന്നു
ആരൊക്കയോ വിട്ടുപോയ
ഓര്‍മകള്‍ക്ക് മേല്‍
അഴുക്കു നിറയുന്നു

ഫ്രിജ്ജില്‍ ഉള്ളിച്ചെടികള്‍
വളര്‍ന്നു നിറയുന്നു
തണുത്തുറഞ്ഞ ഒരാപ്പിളില്‍ നിന്ന്
സ്ത്രീയെ പ്രലോഭിപ്പിച്ച
പാമ്പ് ഇറങ്ങി വരുന്നു
പാതി നിറഞ്ഞ വൈന്‍ കുപ്പിയില്‍
ലഹരി കറുത്ത് പോകുന്നു
ഒരു ഹിമാലയം വളര്‍ന്നു മുറ്റുന്നു.

ഈ ചോരപ്പാടു ഓര്‍മ്മയുണ്ടാകും
ഫ്രിജ്ജിനു മുന്നില്‍ നിന്ന്
അടുക്കള വരെ തുള്ളി തുള്ളിയായി
അവളുടെ രക്തം
എന്‍റെ മുഷ്ടിയില്‍ നിന്നും
ചോര ഒഴുകുന്നുണ്ടായിരുന്നു
അതാണ്‌ പ്രണയം.
കിടക്കയില്‍ നിന്നിറങ്ങി
തെരുവിലെക്കോടുന്നു ജീവിതം.

ആളൊഴിഞ്ഞ വീട്
മരവിച്ചൊരു ചിത്രം പോലെ ആദ്യം
അല്പമൊന്നു ശ്രമിച്ചാല്‍
സ്വരസ്ഥാനം തെറ്റിയെങ്ങിലും
പാടിയ പാട്ടിന്‍റെ പല്ലവികള്‍
ചിതറിപ്പോയത് പെറുക്കിയെടുക്കാം
മങ്ങിപ്പോയ കണ്ണാടിയില്‍
ഓരോ ദിവസവും മിനുക്കിയ
മുഖങ്ങളെ തിരിച്ചെടുക്കാം

ബാത്റൂമില്‍
ക്ലോറിന്‍ പരലുകള്‍ വീണു
വെളുത്തു പോയ മാര്‍ബിളില്‍
ചരിത്രത്തില്‍ മാഞ്ഞു പോയ
സരസ്വതി പോലെ
സ്നാന രഹസ്യങ്ങള്‍.
ഓടയെ മറയ്ക്കുന്ന
വളക്കന്നിയില്‍ തടഞ്ഞു കിടക്കുന്ന
ദൈനംദിനതകള്‍.

ആളൊഴിഞ്ഞ വീടുകള്‍
ഒരുപക്ഷെ എല്ലായിടത്തും
ഇങ്ങനെയൊക്കെ തന്നെയാകാം
ആദ്യം രൂപകമായി പിന്നെ രൂപമായി
ഒരു രൂപവും കിട്ടാത്ത മനസ്സിലും
ആളുകള്‍ ഒഴിയുമ്പോള്‍
രൂപകത്തില്‍ വിശ്വസിക്കുകയാവും
കാമ്യം, ഭേദം, ഗുണം
എന്ത് പറയാന്‍...

- 2005 , ന്യു ഡെല്‍ഹി