Thursday, March 3, 2011

പരാവര്‍ത്തനം


പരാവര്‍ത്തനം, അതിന്റെ ലഹരി.
അങ്ങിനെ ഇരിക്കുമ്പോള്‍
വാക്കുകള്‍, പഴയ പുസ്തകങ്ങളുടെ
പേജുകള്‍ക്കിടയില്‍ ജീവശ്മമായിരിക്കുന്ന
കൊതുകുകളുടെയും ഉറുമ്പുകളുടെയും
സ്മൃതികളായി ഇറങ്ങി വരുന്നു.

ഞാന്‍ മഷിത്തന്ടെന്നും മയില്‍പ്പീലിയെന്നും
പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും.
അവയൊക്കെ നിഷ്കളങ്കതയുടെ
പുരാവസ്തു ഗൃഹത്തില്‍
അടിക്കുറിപ്പോടെ ഇരിപ്പുണ്ട്.
പോകൂ, കാണാം.

മറ്റൊരു നാവിലൂടെ സംസാരിക്കുമ്പോള്‍
എനിക്ക് എത്ര സുഖം!
ഒന്നിലും പെടാതെ, ഒരു കവിതാശകലം
ഉദ്ധരിച്ചു നില്‍ക്കുമ്പോള്‍
എന്താനന്ദം.
ആരും കഴുവേറ്റാത്ത
ഒരു തരിശിലൂടെ
ഒരു കറുപ്പും വെളുപ്പും ഫോട്ടോയിലെ
അജ്ഞാതനെപ്പോലെ എനിക്ക്
നടന്നു പോകാം.

ഇപ്പോള്‍ എല്ലാവരും ഒന്ന് തിരിച്ചറിയുന്നുണ്ട്:
സമകാലത്തില്‍ എല്ലാവര്ക്കും വേണ്ടി
ഒരു ഒളിയിടം സജ്ജമാകുന്നുണ്ട്.
ജീവാശ്മാങ്ങളായി മാറുമ്പോള്‍
ഇതുപോലൊരു തണുത്ത രാത്രിയില്‍
ഏതോ ഒരുവന്‍, എങ്ങോ ഒരിടത്ത്
ഒറ്റക്കിരുന്നു, രാത്രിയില്‍ വിരല്‍ മുക്കി
ഇങ്ങനെ എഴുതും:
പരാവര്‍ത്തനം ഒരു ലഹരിയാണ്.

1 comment:

  1. മറ്റൊരു കണ്ണിലൂടെ ലോകത്തെ കാണുമ്പോള്‍
    മറ്റൊരു ഉടലിലൂടെ ലോകത്തെ അറിയുമ്പോള്‍
    സാധ്യമാണ് ഇത്രയും കവിത.
    പരാവര്‍ത്തനം ചെയ്യപ്പെടാന്‍ മാത്രം അപ്പോള്‍ ലോകം നിന്നില്‍ പ്രവൃത്തിക്കും.

    ReplyDelete