Wednesday, February 9, 2011
വെറുതെ ഒരു പിഴ
പ്രവാചകന്മാരെല്ലാം എവിടെ പോയി എന്ന് എന്നോട് ചോദിക്കരുത്
ഗദ്യ കവിതയില്‍ അതൊക്കെ പറയാന്‍ പ്രയാസമാണ്.
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്
അവരെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നു.
മുറിവേറ്റവര്‍, പതിതര്‍, ശരണം ഇല്ലാത്തവര്‍
വീട് നഷ്ടപ്പെട്ടവര്‍, പിതാവിനോട് വഴക്കിട്ടവര്‍
ലഹരിയില്‍ സ്വപ്നം പുകച്ചവര്‍
വഴിയില്‍, പുഴയില്‍, മഴയില്‍ അലിഞ്ഞവര്‍
മണലില്‍, വെയിലില്‍ അലഞ്ഞവര്‍.
അന്ന് പ്രവാചകന്മാര്‍ക്കെല്ലാം
ഒരേ മുഖമായിരുന്നു, ഒരേ മണമായിരുന്നു
അവരുടെ രക്തത്തിന് ഒരേ നിറമായിരുന്നു.
പിന്നെ ഒരുറക്കം കഴിഞ്ഞു ഞാന്‍ ഉണര്‍ന്നപ്പോള്‍
പ്രവാചകന്മാര്‍ പോയിക്കഴിഞ്ഞിരുന്നു.
ആത്മനിന്ദയില്‍ പുരണ്ടു കിടക്കുമ്പോള്‍
പരിചയമുള്ള ചിലര്‍ തിരികെ വന്നു-
ചിലര്‍ എന്റെ കറുത്ത തൊലിയെ നോക്കി
പൊട്ടിപ്പൊട്ടി ചിരിച്ചു,
ചിലര്‍ എന്റെ മുഖത്ത് തുപ്പി,
എച്ചില്‍ തിന്നു കുറയ്ക്കുന്ന പട്ടി എന്ന് ആരോ
എന്റെ കയ്യില്‍ പച്ച കുത്തി.
മറ്റൊരുവന്‍ പോക്കറ്റില്‍ കയ്യിട്ടു
ഒരു പിടി നോട്ടുകള്‍ വാരി
എണ്ണി നോക്കാന്‍ പോലും മിനക്കെടാതെ
എന്റെ മുറുക്കിപ്പിടിച്ച മുഷ്ടികള്‍
വലിച്ചു തുറന്നു വച്ചു തന്നു.
അവരെല്ലാം ഇപ്പോള്‍ എവിടെപ്പോയി
എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്.
നിങ്ങള്‍ക്കൊപ്പം ഞാനും ചോദിക്കുന്നു
പ്രവാചകന്മാര്‍ എവിടെ പോയി?
ആരോ പറയുന്നു:
നാമൊന്നും എങ്ങും പോയിട്ടില്ല
വേഷം ഒന്ന് മാറിയാല്‍
തീരുന്നതല്ലല്ലോ പ്രവാചകത്വം.
ഇവരെ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
തിരിച്ചറിയാതെ എന്തൊക്കയോ ജല്പ്പിച്ചതിനു
പിഴ, എന്റെ പിഴ, എന്റെ ഏറ്റവും വലിയ പിഴ.
Subscribe to:
Post Comments (Atom)
അവനെ ഞാനറിയുന്നില്ലെന്റെ ദൈവമേ...
ReplyDeleteഅവനു കാവലാള്‍ ഞാനല്ല ദൈവമേ
(എവിടെ ജോണ്‍?/ചുള്ളിക്കാട്)