Tuesday, February 8, 2011

ചര്മാംബരന്‍- സുധീഷ്‌ കൊട്ടേംബ്രത്തിനു


ആ വാര്‍ത്ത ഞാന്‍ വായിച്ചിട്ടില്ല. രക്തമിറ്റുന്ന ദിനപ്പത്രങ്ങളെ വായിക്കുവാന്‍ ഭയമായത് കൊണ്ടായിരിക്കാം. ടെലിവിഷനില്‍ കാട്ടിയതും കണ്ടില്ല. കണ്ടാല്‍ കരയും എന്ന തന്നറിവ് കാരണവുമാകാം. എങ്കിലും ബോധത്തിന്റെ എല്ലാ തുറപ്പുകളിലൂടെയും ആ വാര്‍ത്ത എന്നിലെത്തി.

രാത്രിയുടെ തുരങ്കത്തിലൂടെ പാഞ്ഞു പോകുന്ന ഒരു തീവണ്ടിയില്‍ ഒറ്റക്കൊരു പെണ്കുട്ടിയിരിക്കുന്നു. വെളുത്ത വെളിച്ചമുള്ള തീവണ്ടി മുറിയിലേക്ക് കറുത്ത കാറ്റിനൊപ്പം ഒരു മനുഷ്യന്‍ കടന്നു വരുന്നു. അയാള്‍ അവളെ മാനഭംഗം ചെയ്യുവാന്‍ ശ്രമിക്കുന്നു. അവള്‍ കുതറിയോടി വാതില്‍ക്കലെത്തുന്നു. രത്യാസക്തിയാല്‍ മൂര്‍ച്ച കൂടിയ ഒരമ്പു പോലെ അയാള്‍ അവളെ മുറിപ്പെടുത്തുന്നു.

അവള്‍ വീണു പോകുന്നു. ശിലയുടെ ഘനിമയിലേക്ക്. പിന്നാലെ അവനും. ഇരുട്ടിന്റെ മറവില്‍, നിലവിളികള്‍ അമര്‍ന്നു പോകുന്നു.

പിന്നെ അവള്‍ മരിച്ചുവെന്നും അയാള്‍ പിടിയിലായെന്നും ഞാന്‍ കേട്ടു.

എത്രയോ കാമിനികളെ കിടക്കയിലെക്കാനയിച്ച എന്റെ ദേഹം ഒരു പിടച്ചിലോടെ അവരില്‍ നിന്ന് പറന്നു മാറുന്നു.

വിധി കല്‍പ്പിക്കാന്‍ ഞാനാര്?

ഒരു കാമഭ്രാന്തനു ഒരു പോലീസെന്ന കണക്കു വച്ചാല്‍ ആര്‍ക്കു നമ്മള്‍ യൂണിഫോം കൊടുക്കും.

എന്റെ ഉള്ളിലെ പോലീസും കള്ളനും കാമാഭ്രാന്തനും ഒരേ യൂനിഫോമാണ്. വെളുത്തത്. ആശുപത്രിയുടെ യൂണിഫോം. മരിച്ച്ചവരുടെതും.

നമുക്ക് ചികിത്സ വേണം. അല്ലെങ്കില്‍ മരിച്ചവരെ ആര്‍ക്കെങ്കിലും ചികിത്സിക്കാന്‍ കഴിയുമോ.

ന്യായത്തിനാണ് കണ്ണില്ലെന്ന് പറയുന്നത്. ക്രൂരതയ്ക്ക് കയ്യും വേണമെന്നില്ല.

ഞാനിപ്പോള്‍, എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു, സ്വയം ബഹിഷ്കൃതനായി അലയുകയാണ്.

ഇപ്പോള്‍ എന്റെ തുണി, സുഹൃത്തുക്കളെല്ലാം അഴിച്ചെറിഞ്ഞ ആണ്‍ തൊലികള്‍.

ഞാന്‍ ചര്മാംബരന്‍.

1 comment:

  1. thanks for the post
    നമുക്ക് കുറ്റവിമുക്തരാവാന്‍ കഴിയില്ല. വാര്‍ത്തകള്‍ കേട്ടില്ലെന്നു നടിക്കാനും. കുളിച്ചു കുട്ടപ്പനായി നടക്കുന്ന ഓരോ പുരുഷമനസ്സിലും ഉണ്ട് പീഡിപ്പിക്കപ്പെടെണ്ട ഒരു പെണ്‍കുട്ടി.
    ഇനിയും വലിക്കാത്ത അപായച്ചങ്ങലകളില്‍ അവര്‍ വൈദ്യുതാഘാതാമേറ്റു പിടയട്ടെ. അപ്പോഴും നമ്മുടെ ലിംഗങ്ങള്‍ ഉദ്ധരിച്ചു തന്നെ നില്‍ക്കും

    ReplyDelete