Wednesday, March 23, 2011

മുഖംമൂടി


ഇതൊന്നു അഴിച്ചു മാറ്റി
പുതിയതൊരെണ്ണം അണിയണം എന്ന്
എത്ര നാളായി വിചാരിക്കുന്നുവെന്നോ.

നടക്കാനിറങ്ങുമ്പോള്‍ കൌതുകം കൊണ്ട്
തെരുവില്‍ നിന്ന് വാങ്ങിയ
കോമാളിയുടേത് ഒരെണ്ണം,
പഠിക്കാന്‍ പോയപ്പോള്‍
പേപ്പറില്‍ പകര്‍ത്തിയെടുത്ത
ചിരിക്കാത്ത അധ്യാപകമുഖം വേറൊന്ന്.

കരയുന്നതും ചിരിക്കുന്നതും ഓരോന്ന്.
തമാശ പറയാന്‍ മറ്റൊന്ന്.
ചിന്തകനും പ്രാസംഗികനും
കാഥികനും കലാകാരനും
നര്‍ത്തകനും സിനിമാ നടനും
സീരിയല്‍ നടനും ഓരോന്ന്.

മകനായിരിക്കാന്‍, അച്ച്ചനായിരിക്കാന്‍
ഭര്‍ത്താവായിരിക്കാന്‍,
വിവാഹത്തിനു വെളിയിലെ കാമുകനാകാന്‍,
ഇടയ്ക്കിടെ മതില്‍ ചാടുന്ന ജാരനാകാന്‍
മരുമകനാകാന്‍, മച്ച്ചുനനാകാന്‍
കച്ചകെട്ടിയ ചാവേരാകാന്‍
എല്ലാത്തിനും വേണം ഓരോന്ന്.

സിന്ദാബാദ് വിളിക്കാന്‍
സംഭോഗിക്കാന്‍, സ്വയംഭോഗിക്കാന്‍
ഒളിഞ്ഞു നോക്കാന്‍
ഇരുട്ടടി അടിക്കാന്‍
ഗുരുവിന്റെ കൈ വെട്ടുമ്പോള്‍ ഇടാന്‍
വേണം വെവ്വേറെ ആയത്‌.

പൊതുഇടം, സ്വകാര്യ ഇടം
വ്യവഹാരം എന്നൊക്കെ
പറയുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍
കട്ടിയുള്ളതൊന്നു വേറെ കരുതണം.

സ്വപ്നം കാണാന്‍ പക്ഷെ ഇതൊന്നും
വേണ്ടല്ലോ.
എടുത്തു അണിയാനും അണിയിക്കാനും
ഉണ്മയുടെ കാളിമയും
കളവിന്റെ വെണ്മയും
സ്വപ്നങ്ങളില്‍ പ്രസക്തമല്ലല്ലോ.

Friday, March 4, 2011

പുതു കവിത- മണിപ്രവാളം ഭാഷ


കവിത എഴുതുമ്പോള്‍
കിനാവും കടലും
കനലും കണ്ണാടിയും
കടമിഴിയുടെ വടിവും
കടന്നു വരുന്നതെന്തെന്ന്
അത്ഭുതപ്പെട്ടിരിക്കുമ്പോള്‍,
മറ്റൊരാള്‍ പറഞ്ഞു:
നദിയും ഓളവും
രാത്രിയും ആകാശവും
വസന്തവും ഹേമന്തവും
ഏകാന്തതയും പിന്നെ
പ്രഹേളികയായി ഇന്നും തുടരുന്ന
പ്രണയവും ഒന്നും ഇല്ലാതെ
കവിത ഇപ്പോള്‍ സാധ്യമാണെന്ന്.

പുതിയ ജാര്‍ഗണില്‍ കവിത
ഫോര്‍മാറ്റ് ചെയ്യാമെന്ന്
അസ്തിത്വ ദുഖത്തിന് പകരം
ഡൌണ്‍ ലോഡ് സ്പീടില്ലായ്മയെ
കുറിച്ചു സംസാരിക്കുന്ന
യുവ കവി പറഞ്ഞു.
പ്രസാധകന്‍ വേണ്ട,
താടി വളര്‍ത്തേണ്ട,
അരാജക വാദി ആയി അഭിനയിക്കേണ്ട
കണ്ടാല്‍ ആരും കവിയെന്നു വിളിച്ചു
കളിയാക്കില്ല
ഫേസ് ബുക്കില്‍ ചുള്ളന്‍ പടമിട്ടു
മധ്യവയസ്സ് കഴിഞ്ഞ കുമാരിമാര്‍ക്കും
ഒമ്പത് മണിക്ക് ശേഷം
അരക്ക് താഴെ മണി കിലുങ്ങുന്ന
എല്ലാവര്ക്കും സന്തോഷം കൊടുക്കാം,
അതെ കവിതയിലൂടെ തന്നെ.

എങ്ങിനെ? കവിയല്ലാത്ത എനിക്ക്
ഇപ്പോഴും ചോദ്യങ്ങള്‍:

അത് പിന്നെ ഇങ്ങനെ തുടങ്ങാം അല്ലെ
എന്ന് അവന്‍:

ഡസ്ക് ടോപ്പിന്റെ തിരുനടയില്‍
ഒരു സിമുലെട്ടട് പ്രഭാതത്തിന്റെ
സ്ക്രീന്‍ സേവര്‍ പ്രഭയില്‍
നീ ഫോട്ടോഷോപ്പ് ചെയ്തു
ഈറനായ മുടിയുലര്‍ത്തി
വരുമ്പോള്‍, ഏതു പ്രോഗ്രാമിലാണ്
വസന്തം പൊട്ടുന്നത്?
ഏതു സ്കൈപ്പിലാണ്
സ്വപ്നങ്ങള്‍ നിറയുന്നത്?

എനിക്കറിയില്ല
എന്താണ് കവിതയ്ക്ക്
സംഭവിക്കുന്നതെന്ന്.
എന്നോട് എഴുത്ത് നിറുത്താന്‍
താമസിയാതെ ചിലര്‍
പറഞ്ഞേക്കും.

Thursday, March 3, 2011

പരാവര്‍ത്തനം


പരാവര്‍ത്തനം, അതിന്റെ ലഹരി.
അങ്ങിനെ ഇരിക്കുമ്പോള്‍
വാക്കുകള്‍, പഴയ പുസ്തകങ്ങളുടെ
പേജുകള്‍ക്കിടയില്‍ ജീവശ്മമായിരിക്കുന്ന
കൊതുകുകളുടെയും ഉറുമ്പുകളുടെയും
സ്മൃതികളായി ഇറങ്ങി വരുന്നു.

ഞാന്‍ മഷിത്തന്ടെന്നും മയില്‍പ്പീലിയെന്നും
പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും.
അവയൊക്കെ നിഷ്കളങ്കതയുടെ
പുരാവസ്തു ഗൃഹത്തില്‍
അടിക്കുറിപ്പോടെ ഇരിപ്പുണ്ട്.
പോകൂ, കാണാം.

മറ്റൊരു നാവിലൂടെ സംസാരിക്കുമ്പോള്‍
എനിക്ക് എത്ര സുഖം!
ഒന്നിലും പെടാതെ, ഒരു കവിതാശകലം
ഉദ്ധരിച്ചു നില്‍ക്കുമ്പോള്‍
എന്താനന്ദം.
ആരും കഴുവേറ്റാത്ത
ഒരു തരിശിലൂടെ
ഒരു കറുപ്പും വെളുപ്പും ഫോട്ടോയിലെ
അജ്ഞാതനെപ്പോലെ എനിക്ക്
നടന്നു പോകാം.

ഇപ്പോള്‍ എല്ലാവരും ഒന്ന് തിരിച്ചറിയുന്നുണ്ട്:
സമകാലത്തില്‍ എല്ലാവര്ക്കും വേണ്ടി
ഒരു ഒളിയിടം സജ്ജമാകുന്നുണ്ട്.
ജീവാശ്മാങ്ങളായി മാറുമ്പോള്‍
ഇതുപോലൊരു തണുത്ത രാത്രിയില്‍
ഏതോ ഒരുവന്‍, എങ്ങോ ഒരിടത്ത്
ഒറ്റക്കിരുന്നു, രാത്രിയില്‍ വിരല്‍ മുക്കി
ഇങ്ങനെ എഴുതും:
പരാവര്‍ത്തനം ഒരു ലഹരിയാണ്.

Saturday, February 26, 2011

എന്റെ ജീവിത കഥ- റൂമിയുടെ കവിത ൪


എന്റെ ജീവിതകഥ പറയാന്‍
ഞാന്‍ തയാറായിരുന്നു.
എന്നാല്‍ കണ്ണുനീരിന്‍ ഓളങ്ങളും
ഉയരും ഹൃദയത്തിന്‍ വ്യഥയും
എന്നെ അതിനനുവദിച്ചില്ല.

ഒരു വാക്ക് ഇവിടെ ഒരു വാക്ക് അവിടെ
പറഞ്ഞു ഞാന്‍ വിക്കി
ഉടനീളം പൊടിയാന്‍ തയാറായ
ഒരു പരല്‍ മാത്രമായിരുന്നു ഞാന്‍.

ജീവിതം എന്ന് നാം വിളിച്ചിടും
ഈ ക്ഷുഭിത സമുദ്രത്തില്‍
എല്ലാ വലിയ കപ്പലുകളും
പടി പടിയായി പൊളിയുന്നു.

കൈകളും തുഴയും ഇല്ലാതെ
ഒരു ചെറു തോണിയില്‍
എങ്ങിനെ ഞാന്‍ ഒറ്റയ്ക്ക്
അതിജീവിക്കും?

ഒടുവില്‍ എന്റെ തോണിയും പൊളിഞ്ഞു
അലകളാല്‍ ഞാന്‍ സ്വതന്ത്രനാക്കപ്പെട്ടു
ഒരു തടിയില്‍
എന്നെ ഞാന്‍ കെട്ടിയിട്ടു.

ഭയം പോയെങ്കിലും
ഞാനിപ്പോള്‍ കുപിതനാണ്
ഓരോ അലയുടെയും
ഉയര്‍ച്ച താഴ്ചകളില്‍
ഞാനെന്തിനു നിസ്സഹായനായി കിടക്കണം?

ഞാന്‍ ഉണ്ടോ എന്നെനിക്കറിയില്ല
പക്ഷെ ഞാനുണ്ടെങ്കില്‍
എനിക്കറിയാം
അപ്പോള്‍ ഞാനില്ല
ഞാനില്ലെങ്കിലോ
ഞാന്‍ ഉണ്ട്.

ഇപ്പോള്‍ എനിക്ക് എങ്ങിനെ
ഉയിര്‍ത്തെഴുന്നെല്‍പ്പിനെയും
പുനരുത്ഥാനത്തെയും
ശങ്കയോടെ നോക്കുവാനാകും?

ഈ ലോകത്ത് എന്റെ ഭാവനകള്‍
മരിക്കുകയും വീണ്ടും ഉയിരിടുകയും
ചെയ്യുന്ന അനേകം നിമിഷങ്ങള്‍ ഉള്ളപ്പോള്‍
ഞാനെങ്ങിനെ ചകിതനാകും?

അതുകൊണ്ട് തന്നെയാണ്
വേട്ടക്കാരനായി, ദുരിതനായി
ഒട്ടുനാള്‍ ജീവിച്ച ശേഷം
ഞാന്‍ എന്നെ വേട്ടയാടപ്പെടാന്‍
വിട്ടുകൊടുക്കുകയും
സ്വാതന്ത്ര്യത്തിലേക്ക് ഉണരുകയും ചെയ്തത്.

Thursday, February 24, 2011

ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു- റൂമിയുടെ കവിത ൩


മനസ്സേ, നീ വൃഥാ വ്യഥ പൂളുന്നു.
നിന്നെ ഞാന്‍ മതി ഭ്രമിപ്പിക്കുന്നു,
പറയുന്നു നീ തന്നെ.
എന്തിനു വിഷമിക്കണം നീയപ്പോള്‍
വെറുമൊരു ശിരോ വേദനയാല്‍.

പറയുന്നു നീ,
ഞാനൊരു പുള്ളിപ്പുലി.
എന്തിനു ഭയക്കണം നീയപ്പോള്‍
ഒരു സിംഹ ദര്‍ശനത്താല്‍.
ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു.

ചൊല്ലുന്നു നീ,
ഞാനൊരു ചന്ദ്രമുഖി.
വീഴുവതെന്തിനു മനസ്സിനാല്‍
ചന്ദ്രികാ ക്ഷയ കാഴച്ചയാല്‍
കാല പ്രവാഹ പ്രവേഗത്താല്‍.

നിന്നാസക്തികള്‍ എന്നില്‍ നിന്നെന്നു
ചൊല്ലുന്നു നീ, പ്രകംബിതമാകുന്നു
നിന്നുടല്‍ മമ സ്പര്‍ശനത്താല്‍.
ഭയപ്പെടുവതെന്തിനു പിന്നെ നീ
പിശാചിന്‍ പ്രഹസന ദര്‍ശനത്തില്‍.
ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു.

സ്വയമൊന്നു നോക്കുക നിന്നെ നീ
കരിമ്പിന്‍ മധുരമായ് മാറി നീയെന്നേ.
കാട്ടുവതെന്തിനു കന്മഷം, കയ്പു
നിന്‍ മുഖ പങ്കജത്തില്‍?

പറക്കും പ്രണയത്തിന്‍ ഹയത്തെ
മെരുക്കി നീ, ഇന്ന് നീ
കരയുവതെന്തിനു
ഗര്‍ദ്ദഭം അതിന്‍ മൃതി വരിക്കുമ്പോള്‍.

പറയുന്നു നീ, നിന്നുള്ളം
ഊഷ്മളമായിടും എന്‍ കനിവിനാല്‍.
എന്തിനീ ഹിമ സമ നിശ്വാസങ്ങള്‍ സഖീ.

നാകത്തിന്‍ മച്ചില്‍ ഇടം കണ്ടു നീ
പിന്നെയീ ഭൂമി തന്‍ പൊടി കണ്ടു
പിടയുന്നതെന്തിനായ്
ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു.

എന്നെ നീ കണ്ട നാള്‍ മുതല്‍
മാറി നീ ഗായികയായ്, കെട്ടുകള്‍
അഴിക്കും മിടുക്കിയായ്‌,
പിന്നെതിനീ ഭയം ജീവിതത്തിന്‍
ചെല്ലക്കുരുക്കുകള്‍ കാണ്‍കെ.

നിന്റെ കരങ്ങളില്‍ നിറയുന്നു
ഹിരണ്യം മുത്തും പവിഴവും
എന്തെ ഭയം, ദരിദ്രമാം
ചിന്തയാല്‍.

നീ യോസേഫ്,
സുരാപാന തുന്തിലര്‍ മിസ്ത്രാര്‍
നീയോ സുന്ദരന്‍, ശക്തന്‍
സ്ഥിതപ്രജ്ഞാന്‍.
ബധിരര്‍ കേള്‍ക്കില്ല നിന്‍ ഗാനം
കാണില്ല അന്ധര്‍ നിന്‍ രൂപം
വിഷമിപ്പതെന്തിനു നീ.
ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു.

പറയുന്നു നീ പ്രണയഭരിതമാം
ഹൃദയം നിന്‍ ഗൃഹ സഖി
അവള്‍ നിന്‍ പ്രിയ സഖി
എങ്ങു പ്രണയികള്‍ ചൂട് തേടുന്നു
അങ്ങു നീ തീയാകുന്നു
നീ തന്നെ പറയുന്നു നീ താന്‍
അലിയുടെ മാന്തിക ഖഡ്ഗം.
ഒരു ചെറു കത്തിയാല്‍
എന്തിനു മുറിപ്പെടനം നീ.
ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു.

കണ്ടു നീ നിന്റെ ശക്തി
കണ്ടു നീ നിന്റെ രൂപം
കണ്ടു നീ നിന്റെ സുവര്‍ണ പക്ഷങ്ങള്‍
ചെറുതായത് എന്തോര്‍ത്തു നീ കരയുന്നു.

നീ ആത്മാവ്, അതിന്‍ സത്യം
നീ സുരക്ഷ,
പ്രണയികള്‍ തന്‍ താവളം
സുല്‍ത്താനും സുല്‍ത്താന്‍ ആയവന്‍ നീ
ചുരുങ്ങുവതെന്തിനു
ചെറു രാജ സന്നിധിയില്‍?

മത്സ്യം പോല്‍ നിശബ്ദനാകൂ
സ്വച്ചമാം സമുദ്രത്തില്‍ നീന്തൂ
ആഴങ്ങള്‍ നിന്നെ ചൂഴുമ്പോള്‍
ജനി മൃതി തന്‍ വഹ്നിയാല്‍
എന്തിനു നീ ദഹിക്കണം>

ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു.

Wednesday, February 23, 2011

സമയം സമാഗതമായിരിക്കുന്നു - റൂമിയുടെ കവിത ൨



എല്ലാ വാഗ്ദാനങ്ങളും
ലംഘിക്കുവാന്‍
എല്ലാ ചങ്ങലകളും
പൊട്ടിക്കാന്‍
എല്ലാ ഉപദേശങ്ങളും
നിരസിക്കാന്‍ സമയമായിരിക്കുന്നു.

കണ്ണി കണ്ണിയായി
സ്വര്‍ഗത്തെ അഴിച്ചു വയ്ക്കുക
മൃതിയുടെ വാളിനാല്‍
പ്രണയത്തിന്റെ എല്ലാ
കെട്ടുകളെയും അറുത്തു കളയുക.

ഇരു കര്‍ണങ്ങളിലും
പഞ്ഞി തിരുകി
ജ്ഞാനോപദേശങ്ങളെ
പുറത്തു നിറുത്തുക.

വാതില്‍ പൊളിക്കുക
എല്ലാ മധുരങ്ങളും
ഒളിച്ചിരിക്കുന്ന ആ മുറിയില്‍
കടന്നു കയറുക.

പ്രണയം കാത്തിരിക്കുമ്പോള്‍
ഇഹത്തിനായി ഞാന്‍
എത്ര നാള്‍ എത്രനാള്‍
ഇരക്കും, വില പേശും?

എത്ര നാള്‍ ഞാന്‍ കാത്തിരിക്കും
ആരാണ് ഞാന്‍, എന്താണ് ഞാന്‍
എന്ന ചോദ്യങ്ങള്‍ക്കും
അപ്പുറം പോകുവാന്‍?

Tuesday, February 22, 2011

എന്റെ പ്രിയ സുഹൃത്തിന് - റൂമിയുടെ ഒരു കവിത

പ്രിയ സുഹൃത്തേ
പ്രണയി വിദൂരതയില്‍
അയച്ചിടും നിന്നെയെങ്കിലും
വിടേണ്ട പ്രതീക്ഷകള്‍

അന്യമായ്, പ്രതീക്ഷകള്‍
മരിച്ചുവെങ്കിലും
നാളെ തീര്‍ച്ചയിതത്രേ
തിരികെ വിളിച്ചിടും നിന്നെ.

വാതില്‍ നിന്മുഖത്തായ്
ആഞ്ഞടഞ്ഞെങ്കിലും
ക്ഷമയോടെ നില്ക്ക,
വിടല്ലേ ഇടം ത്സടുതിയില്‍.

ക്ഷമ കാണ്‍കെ നിന്‍
പ്രണയി, വിളിച്ചിടും നിന്നെ
ജേതാവിനെ പോലുയര്‍ത്തിടും
കുലീനമായ്, സ്നേഹമായ്.

വഴികളെല്ലാം അടഞ്ഞിടും
മൃതാഗ്രങ്ങളില്‍ ചെന്ന് തട്ടിടും പോല്‍
എങ്കിലും അന്യര്‍ക്ക് തിരിയാത്ത
രഹസ്യ പാതകള്‍ തുറക്കും നിനക്കായി.

ഞാനറിയും എന്‍ പ്രണയി
കലുഷമെഴാതെ നല്‍കിടും
ശലമോന്റെ സാമ്രാജ്യം
വിഗണിതം ആകും ഉറുമ്പിനും.

ലോകമൊക്കെയും ചുറ്റിയതെന്‍
ഹൃദയമനേകം സമയം
കണ്ടില്ല, ഇനി കാണില്ല
സമമാം പ്രണയിയെ എങ്ങും.

ഓ.. നിശബ്ദമാകുക മനമേ
ഞാനറിയുന്നു ഈയനന്തമാം പ്രണയം
നിശ്ചയം വന്നിടും
നിനക്കായി നിനക്കായി നിനക്കായി

Saturday, February 19, 2011

ലക്‌ഷ്യം, ടാര്‍ഗറ്റ്- തമ്മില്‍ തെറ്റുന്ന രണ്ടു കാര്യങ്ങള്‍



ചിലപ്പോള്‍ ഞാന്‍ ഇങ്ങനെ വെറുതെ ഓര്‍ക്കാറുണ്ട് ജീവിതത്തില്‍ ഒരു ലക്‌ഷ്യം ഉണ്ടായിരിക്കുന്നതിനെ കുറിച്ച്. കുട്ടിക്കാലം മുതല്‍ നാം കേട്ട് തുടങ്ങുന്നതാണ്, ലക്‌ഷ്യം വേണം ലക്‌ഷ്യം വേണം എന്ന്. ഇന്നലെ ഒരു സുഹൃത്ത്‌ എന്നോട് പറഞ്ഞു അയാള്‍ അയാളുടെ ലക്‌ഷ്യം എന്താണെന്നു തീരുമാനിച്ചു കഴിഞ്ഞുവെന്ന്. ലക്‌ഷ്യം എന്നാ വാക്കല്ല അയാള്‍ ഉപയോഗിച്ചത്. പകരം അയാള്‍ ടാര്‍ഗറ്റ് എന്ന വാക്കാണ് ഉപയോഗിച്ചത്.

എന്റെ ടാര്‍ഗെറ്റുകള്‍ ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇനി അതിലേക്കു നടന്നു അടുക്കുകയെ വേണ്ടൂ. ഞാന്‍ ഒരിക്കലും വീഴില്ല. കാരണം എന്റെ ടാര്‍ഗെറ്റില്‍ എത്താന്‍ ഞാന്‍ ഒരു പാട് പേരെ ഏണികള്‍ ആയി ഉപയോഗിച്ചിട്ടുണ്ട്. ഏണികള്‍ വീണാല്‍ ഞാന്‍ വീഴും എന്ന പേടി എനിക്കില്ല കാരണം എന്നെ വീഴാതെ സൂക്ഷിക്കേണ്ട ചുമതല ഇപ്പോള്‍ ആ കോണിപ്പടികളുടെതാണ്.

അയാള്‍ ഒരു ബിസിനെസ്കാരനാണ്. സാഹിത്യമോ കലയോ ഒന്നും അടുത്ത് കൂടി പോയിട്ടില്ലാത്ത ആള്‍. എങ്കിലും കലയെ നന്നായി അറിയാം എന്ന് അയാള്‍ വിചാരിക്കുന്നുണ്ട്. വീട് നിറയെ കലണ്ടര്‍ പടങ്ങള്‍ ഉള്ളതിന്റെ വാശിയാണ് അതെന്നു എല്ലാവര്ക്കും അറിയാവുന്നത് കൊണ്ട് വാദിക്കാന്‍ ആരും പോകാറില്ലെന്നു മാത്രം.

എന്റെ ടാര്‍ഗറ്റ് എന്താണ് എന്നായി അയാളുടെ ചോദ്യം. ഞാന്‍ ഒരു ദീര്‍ഘദൂര ഓട്ടക്കാരന്‍ ആണെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ടാര്‍ഗറ്റ് ഇല്ല. ഓടുന്നു എന്നതാണ് പ്രധാനം. ഓട്ടത്തിനിടയില്‍ ഞാന്‍ പലതും കാണുന്നു. അതൊക്കെ മനസ്സില്‍ കുറിച്ചിടുന്നു. പിന്നെ വിശ്രമത്തിനായി ഇരിക്കുമ്പോള്‍ അതില്‍ പകര്‍ത്തണം എന്ന് തോന്നുന്ന കാഴ്ചകള്‍ പകര്‍ത്തി വയ്ക്കുന്നു. ഇതാരെങ്കിലും കാണുമോ വായിക്കുമോ എന്നൊന്നും എനിക്കറിയില്ല. കാണണമെന്നും വായിക്കണമെന്നും ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല. ആരെയും നമുക്ക് ബലം പ്രയോഗിച്ചു ഒന്നും ചെയ്യിക്കാന്‍ കഴിയുകയില്ലല്ലോ. ചിലര്‍ വായിക്കുന്നു. ചിലര്‍ വായിച്ചാലും വായിച്ചില്ലെന്നു നടിക്കുന്നു. ചിലരാകട്ടെ എഴുത്തോ വായനയോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മുഖത്തു തൂക്കി എന്നെ നോക്കി കടന്നു പോകുന്നു.

ഇതൊന്നും എന്നെ അലോസരപ്പെടുത്തുന്നില്ല. ഓടുക എന്നതാണ് ഓട്ടക്കാരന്‍ ആഗ്രഹിക്കുന്നത്. ടാര്‍ഗറ്റ് ഇട്ടു ഓടുക എന്നാല്‍ മത്സരിക്കുക എന്ന് കൂടി അര്‍ത്ഥമുണ്ട്. ആരോടാണ് മത്സരം? ഒപ്പം ഓടുന്നവരോട്, അല്ലേ? അല്ലെങ്ങില്‍ സ്വന്തം കഴിവിനോട്‌, അല്ലേ? ഓരോ ദിവസവും ഒരു ചുവടു കൂടി ഓടണം എന്നൊരു ലക്‌ഷ്യം ആദ്യമൊക്കെ ഇടാറുണ്ട് എല്ലാ ഓട്ടക്കാരും. പിന്നെ അതൊക്കെ നേടിക്കഴിഞ്ഞാല്‍, എന്തിനു വേണ്ടിയാണ് ഓടേണ്ടത് എന്ന ചിന്ത വരും. അപ്പോള്‍ ഓട്ടം എന്നത് മറ്റെന്തിനോ ഉള്ള ഒരു കാരണം മാത്രമായി മാറും.

ടാര്‍ഗെറ്റുകള്‍ ക്ഷമതാ പരിശോധനയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് പോലെ അല്ല, എന്തോ പിടിച്ചടക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നത്. ടാര്‍ഗെട്ടുകളുടെ നേട്ടം ആഹ്ലാദം പകരാറുണ്ട്. എന്നാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ ആഹ്ലാദം വേണമെങ്കില്‍ ടാര്‍ഗറ്റ് വേണം എന്ന അവസ്ഥയില്‍ എത്തും. അപ്പോള്‍ ആഹ്ലാദം എന്നത് ടാര്‍ഗെട്ടിനു വേണ്ടിയുള്ള ഒരു കാരണം മാത്രമാകും. ബിസിനെസ് ആയാലും കല ആയാലും ടാര്‍ഗറ്റ് ഇടുമ്പോള്‍ എന്താണോ അവയിലേക്കു നമ്മളെ നയിച്ചത് അത് മാറി വെട്ടിപ്പിടിക്കല്‍ മാത്രം ശ്രദ്ധിക്കുന്ന ഒരു പ്രവര്‍ത്തനം മാത്രമായി മാറും.

ദീര്‍ഘദൂര ഓട്ടം മാത്രമാണ് ശരിയെന്നും ടാര്‍ഗറ്റ് ഉള്ള പ്രവര്‍ത്തനങ്ങള്‍ തെറ്റെന്നും ഇതിനു അര്‍ത്ഥമില്ല. എന്നാല്‍ ടാര്‍ഗെറ്റില്‍ മാത്രം ശ്രദ്ധ പതിയുമ്പോള്‍, അതിന്റെ നേട്ടമാണ് വിജയം എന്ന് നാം തെറ്റിദ്ധരിക്കുമ്പോള്‍, ദീര്‍ഘദൂര ഓട്ടം നല്‍കുന്ന ആഹ്ലാദം നമുക്ക് നഷ്ടപ്പെടുന്നു. ഗോള്‍ പോസ്റ്റില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നവന്റെയും ഒറ്റയ്ക്ക് ദൂരങ്ങള്‍ ഓടുന്നവന്റെയും കുന്നുകളില്‍ അലയുന്നവന്റെയും നദിക്കരയില്‍ ഒറ്റയ്ക്ക് ഇരിക്കുന്നവന്റെയും ഇരുട്ടിന്റെ ശബ്ദങ്ങള്ക്കായി കാതോര്‍ക്കുന്നവന്റെയും ഏകാന്തതയും സന്തോഷവും, സന്തോഷിക്കാനായി ടാര്‍ഗറ്റ് ഇടുമ്പോള്‍ ലഭിക്കുന്നില്ല.

തൊഴിലാളികളെ സംരക്ഷിക്കാനായി തുടങ്ങുന്ന സംരംഭങ്ങള്‍ മുതലാളിയുടെത് ആയി മാറുന്നത് ടാര്‍ഗറ്റ് ഉണ്ടാകുമ്പോള്‍ ആണ്. ലക്ഷ്യവും ടാര്‍ഗെറ്റും തമ്മില്‍ വ്യത്യാസമുണ്ട്. ഓട്ടക്കാരന്റെ ലക്‌ഷ്യം ഓട്ടമാണ്; നന്നായുള്ള ഓട്ടമാണ്. ഗോളിയുടെ ലക്‌ഷ്യം ഗോള്‍ തടുക്കുക എന്നതാണ്. എത്ര ഗോള്‍ തടുക്കും എന്ന് പറയുന്നിടത്ത് പ്രശ്നം തുടങ്ങുന്നു. കുന്നില്‍ ഒറ്റയ്ക്ക് സായാഹ്ന സൂര്യനെ കണ്ടിരിക്കും എന്ന് പറയുന്നതില്‍ ഒരു സൌന്ദര്യ ലക്‌ഷ്യം ഉണ്ട്. എന്നാല്‍ ഞാന്‍ ഇരുപത്തിയാറു പ്രാവശ്യം ഒരു മാസം അത് ചെയ്യും, അടുത്ത മാസം എന്റെ ടാര്‍ഗറ്റ് ഇരുപത്തിയെട്ടാണ് എന്ന് പറയുമ്പോള്‍ കാര്യങ്ങള്‍ മാറുന്നു.

നമ്മുടെ കാലത്തില്‍ ലക്ഷ്യവും ടാര്‍ഗെറ്റും തമ്മില്‍ വ്യത്യാസം ഇല്ലാതായിപ്പോയിരിക്കുന്നു. ലക്‌ഷ്യം എന്നത് ടാര്‍ഗറ്റ് എന്ന് ആളുകള്‍ വായിക്കുന്നു.

ഞാന്‍ പക്ഷെ ഭയക്കുന്നത് കലയില്‍ ഇത് സംഭവിക്കുന്നതിനെ ആണ്. കലാകാരന്മാര്‍ എന്റെ ലക്‌ഷ്യം ചിത്രം വരയ്ക്കുക ആണെന്ന് പറയുന്നത് മാറി, ഈ വര്ഷം എന്റെ ടാര്‍ഗറ്റ് പത്തു പെയന്റിങ്ങുകള്‍ ആണെന്ന് പറയുമ്പോള്‍, ഒരു കോടി ആണ് ഈ വര്ഷം എന്റെ ടാര്‍ഗറ്റ് എന്ന് പറയുമ്പോള്‍ ഞാന്‍ ഭയക്കുന്നു.

ഒരു സംഭവം അപ്പോള്‍ എനിക്ക് ഓര്മ വരും. ഒരു നഗരത്തില്‍ ഒരു ഫുട്ബാള്‍ കളിക്കാരന്‍ ഉണ്ടായിരുന്നു. നല്ല കളിക്കാരെ ചേര്‍ത്ത് ഒരു ക്ലബ് ഉണ്ടാക്കണം എന്ന ആഗ്രഹം അയാള്‍ക്കുണ്ടായി. നല്ല ഷൂസുകള്‍ നല്ല ജെര്സി, കളി പരിശീലം കഴിയുമ്പോള്‍ ഒരു നേരം നല്ല ഭക്ഷണം കളിക്കാര്‍ക്ക്‌ കിട്ടണം- ഇതൊക്കെ ആയിരുന്നു അയാളുടെ ലക്‌ഷ്യം. കുറെ കളിക്കാരെ ചേര്‍ത്ത് അയാള്‍ ഒരു ക്ലബ് ഉണ്ടാക്കി. നടത്തിപ്പിനായി അയാള്‍ ഒരു പദ്ധതി മുന്നോട്ടു വെച്ചു. കളിക്കാരെല്ലാം ഉരുട്ട് വണ്ടിയില്‍ പച്ചക്കറി വില്‍ക്കുക. ചെറുപ്പക്കാരുടെ ഈ സംരഭത്തെ നാട്ടുകാര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു.

സംഭവം പച്ച പിടിച്ചു. കളി കൊഴുത്തു, കളിക്കാരും. അപ്പോള്‍ നമ്മുടെ നേതാവിന് ഒരു ആഗ്രഹം. ഒരു ക്ലബിന് യാത്ര ചെയ്യാന്‍ ഒരു വാന്‍ വാങ്ങണം. അയാള്‍ ഒരു സോപ്പുപൊടി കണ്ടു പിടിച്ചു. അതിനു ക്ലബിന്റെ പേരും കൊടുത്തു. പച്ചക്കറിയുടെ ഒപ്പം സോപ്പുപോടിയും ചെറുപ്പക്കാര്‍ വിറ്റു. മറ്റു കടകളുടെ ഉടമസ്ഥര്‍ ഈ സോപ്പുപൊടി വേണമെന്ന് കളിക്കാരോട് പറഞ്ഞു. അങ്ങിനെ സോപ്പുപൊടി നിര്‍മാണം വീട്ടില്‍ നിന്ന് ഒരു ചെറിയ കെട്ടിടത്തിലേക്ക് മാറ്റി. ക്രമേണ നമ്മുടെ ഫുട്ബാള്‍ ക്ലബ് ഒരു സൂപ്പര്‍ മാര്‍കെറ്റ് തുടങ്ങി. കളിക്കാരെല്ലാം അതിലെ എക്സിക്യുട്ടീവുകള്‍ ആയി.

ചുരുക്കി പറഞ്ഞാല്‍ ഫുട്ബാള്‍ ക്ലബ് പൂട്ടി. കുറെ നാളുകള്‍ കഴിഞ്ഞു സൂപ്പര്‍ മാര്‍ക്കറ്റും പൂട്ടി.

ലക്‌ഷ്യം ടാര്‍ഗറ്റ് ആയി മാറുമ്പോള്‍ വരുന്ന അപകടമാണ്.

ഒന്ന് കൂടി- അത് അപകടം ആണെന്ന് തോന്നുന്നവര്‍ക്കെ ഈ പ്രശ്നം ഉള്ളൂ. വീണത്‌ വിദ്യ ആക്കുന്നവര്‍ക്ക് ഇന്ന് വില്‍ക്കുന്നത് സോപ്പുപോടിയും നാളെ കലയും വില്‍ക്കാന്‍ ഒരു പ്രയാസവും ഉണ്ടാകില്ല.

കലാകാരന്മാര്‍ ഒറ്റയ്ക്ക് ദീര്‍ഘദൂരം ഓടുന്നവര്‍ ആകണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം ഞാന്‍ അക്ഷരങ്ങളുടെ കല ചെയ്യുന്നവനാണ്.

Tuesday, February 15, 2011

കലാ രംഗത്തെ ഫലിതങ്ങള്‍ 2

ടിപ്പു സുല്‍ത്താനും സുബൊധ് ഗുപ്തയും

അടുത്തിടെ നമ്മുടെ കലാകാരനായ നായകന്‍ ചിത്രങ്ങള്‍ക്ക് ഫ്രെയിം ഇടുന്ന ഒരു ഒരാളുടെ അടുക്കല്‍ പോയി. അപ്പോള്‍ അതാ അവിടെ പ്രമുഖനായ ഒരു ഫാഷന്‍ ഡിസൈനറുടെ ഫോടോഗ്രഫുകള്‍. അയാള്‍ ഇപ്പോള്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് നിറുത്തി ഫോട്ടോ എടുക്കല്‍ തുടങ്ങിയോ എന്ന് നമ്മുടെ നായകന്‍ അതിശയം പ്രകടിപ്പിച്ചപ്പോള്‍, കടയുടമസ്ഥന്‍ പറഞ്ഞു, " ഇല്ല. ഇത് ഒരു പ്രൊജക്റ്റ്‌ ആണ്. അയാള്‍ പ്രമുഖരുടെ ഫോട്ടോ എടുക്കും എന്നിട്ട് അതൊരു ഷോ ആയി കാണിക്കും."

ഇത് കേട്ട് ഉള്ളില്‍ ഉയര്‍ന്ന വിഭ്രാന്തിയെ അടിച്ചൊതുക്കി കലാകാരന്‍ ആ ചിത്രങ്ങളെ നോക്കി. അപ്പോള്‍ അതാ, പരിചിതമായ ഒരു മുഖം. അതെ ടിപ്പു സുല്‍ത്താന്റെ മുഖം. ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിപരിചയം കൊണ്ട് താന്‍ നിലത്തു വീണു പോകുമോ എന്ന് വരെ അയാള്‍ക്ക്‌ തോന്നിപ്പോയി. അത് സുബൊധ് ഗുപ്ത ടിപ്പു സുല്‍ത്താന്റെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു.

സഹിക്കാന്‍ വയ്യാതെ ( ചിരിയാണോ കരച്ചിലാണോ എന്ന് പറഞ്ഞിട്ടില്ല) നമ്മുടെ നായകന്‍ ഇങ്ങനെ പറഞ്ഞുവത്രേ: " ഇതാ ടിപ്പു സുല്‍ത്താന്‍ സുബൊധ് ഗുപ്തയുടെ വേഷത്തില്‍ നില്‍ക്കുന്നു."

സ്റ്റുഡിയോ മാറ്റം

നമ്മുടെ നായകന് സ്റ്റുഡിയോ മാറ്റണം. കാരണം ഇപ്പോള്‍ ഉള്ളത് ചോരുന്നു എന്നത് തന്നെ. തൊട്ടടുത്ത്‌ ഒരു രണ്ടു മുറി സൗകര്യം അയാള്‍ കണ്ടു പിടിച്ചു. പക്ഷെ, അത് കിട്ടണം എങ്കില്‍ ദല്ലാള്‍ വേണം. ഫോണ്‍ ചെയ്തപ്പോള്‍ നമ്മുടെ നായകന് സമയമില്ല സംസാരിക്കാന്‍. കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം പറയുകയാണ്‌, ഇതാ മറ്റൊരു ഗുപ്താ ജി വന്നിരിക്കുന്നു. ഇനി അയാള്‍ വേണം എനിക്കൊരു സ്റ്റുഡിയോ സംഘടിപ്പിക്കാന്‍.

മറ്റൊരു ഗുപ്താജി എന്നത് തികച്ചും നല്ലൊരു പ്രയോഗമാണ്. കാരണം ഡല്‍ഹിയിലെ എല്ലാ വസ്തു തരകന്മാരും അറിയപ്പെടുന്നത് ഗുപ്തകള്‍ എന്നോ ശര്മ്മകള്‍ എന്നോ ആണ്. നമ്മുടെ നാട്ടില്‍ തെങ്ങില്‍ ഇരിക്കുന്നത് ഇപ്പോഴും ശങ്കരന്‍ ആണെന്ന് പറയുന്നത് പോലെ.

പുതിയ സ്റ്റുഡിയോ കിട്ടിയപ്പോള്‍

പണ്ടത്തെ സ്റ്റുഡിയോയില്‍ ഒരിക്കല്‍ നമ്മുടെ നായകന്‍ ഇരിക്കുമ്പോള്‍ അതാ രണ്ടു പയ്യന്മാര്‍ കടന്നു വരുന്നു. നായകന്‍ മനസ്സില്‍ പരതി: ഇവരെ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ടോ? എന്തിനാണ് ഇവര്‍ എന്റെ സ്റ്റുഡിയോയില്‍ വന്നത്? ഇവര്‍ ചിത്രം വാങ്ങാന്‍ വന്നവരാണെന്ന് തോന്നുന്നില്ല. കാരണം വന്നത് കാറില്‍ അല്ല. കൈയില്‍ ബ്ലാക്ക്ബെറി ഇല്ല. പട്ടു കോണകം പുറത്തു കാണുന്നില്ല. മുതലയുടെ തൊലി കൊണ്ടുള്ള ഷൂസ് കാലില്‍ ഇല്ല. പിന്നെ ആരാണിവര്‍? എന്നെ തട്ടിക്കൊണ്ടു പോകാന്‍ വന്നവരാണോ? വീട്ടില്‍ കട്ടിലിനടിയില്‍ നോട്ടു വച്ചിട്ടുള്ള കാര്യം ഇവര്‍ അറിഞ്ഞോ? ഭാര്യയെ വിളിച്ചു പറയണോ ഞാന്‍ തട്ടിക്കൊണ്ടു പോകപ്പെടാന്‍ പോവുകയാണെന്ന്?

അങ്ങിനെ പല വിധ ദുശ്ചിന്തകള്‍ നായകനെ അലട്ടിക്കൊണ്ടിരിക്കുമ്പോള്‍ അതാ അവര്‍ ഒരു ചോദ്യം ചോദിക്കുന്നു: അതേയ്, ഭയ്യാ, ഈ മൂത്രപ്പുര എവിടെയാണ്?

തന്റെ സ്റ്റുഡിയോ എങ്ങിനെ ഒരു പൊതു ശൌചാലയം ആയി എന്ന് ചിന്തിച്ചു വിഷണ്ണനായി ഇരിക്കുമ്പോള്‍ അവര്‍ വീണ്ടും പറയുന്നു: ഞങ്ങള്‍ താഴത്തെ പൂള്‍ പാര്‍ലറില്‍ കളിക്കാന്‍ വന്നവരാണ്. ഉടമസ്ഥന്‍ പറഞ്ഞു അവിടത്തെ മൂത്രപ്പുര ഇവിടെയാണെന്ന്.

അപ്പോഴാണ്‌ നമ്മുടെ നായകന്‍, കെട്ടിടത്തിന്റെ ഉടമസ്ഥന്‍ പറഞ്ഞത് ഓര്‍ത്തത്‌: സര്‍, ആകെ രണ്ടു കക്കൂസേ ഉള്ളൂ. ഒന്നിവിടെയാണ്. ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.

പുതിയ സ്റ്റുഡിയോ കിട്ടിയപ്പോള്‍ നായകന് അമിതാഹ്ലാദം. കാരണം അവിടെ സ്വന്തമായി രണ്ടു വലിയ ബാത്ത് റൂമുകള്‍ ഉണ്ട്. ആരുമായും പങ്കു വയ്ക്കേണ്ട കാര്യമില്ല.

പെട്ടന്ന് രണ്ടാമതൊരു ചിന്ത ഉദിച്ചത് പോലെ ദൈവത്തിന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് നായകന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: ദൈവമേ ഓടി നടന്നു പെടുക്കാന്‍ നീ എനിക്ക് സൗകര്യം ചെയ്തു തന്നിരിക്കുന്നു. പക്ഷെ അത് മാത്രമായി ജീവതം ചുരുക്കാതിരിക്കാന്‍ നീ തുണയായി ഇരിക്കണേ.

Monday, February 14, 2011

ഉറപ്പ്


വിരുന്നിനു വരാന്‍ മറക്കരുത്
ഏഴു മണി വരെ എന്തും ചെയ്യാന്‍ മടിക്കരുത്
അത് വരെ ദൈവം നിങ്ങളുടെയും
എന്റെയും കൂടെ ഉണ്ടായിരിക്കട്ടെ.

നമ്മുടെ സഹോദരങ്ങളെ അവര്‍
എല്ലായിടത്തും വെട്ടി നുറുക്കുകയാണ്
ഒളിച്ചിരിക്കാന്‍ അവര്‍ക്ക് കൊട്ടരങ്ങളുണ്ട്
തുറമുഖങ്ങളും മുഖങ്ങളും.

നീ വരാതിരിക്കരുത്
കാരണം ഇന്ന് രാത്രിയില്‍
കാടും കവിതയും കിനാവും
ഉണരും മുന്‍പ് നമുക്ക്
നിഷ്കളങ്കമായ രക്തത്തിന്
പകരം ചോദിക്കണമല്ലോ.

പക്ഷെ ഉറപ്പു തരൂ
നീ വന്നില്ലെങ്കിലും
മായക്കാഴ്ചയാല്‍
ഭയപ്പെടുത്തില്ലെന്ന്
എന്റെ സിംഹാസനത്തില്‍
കയറി ഇരിക്കില്ലെന്ന്.

Wednesday, February 9, 2011

വെറുതെ ഒരു പിഴ


പ്രവാചകന്മാരെല്ലാം എവിടെ പോയി എന്ന് എന്നോട് ചോദിക്കരുത്
ഗദ്യ കവിതയില്‍ അതൊക്കെ പറയാന്‍ പ്രയാസമാണ്.

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്
അവരെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നു.
മുറിവേറ്റവര്‍, പതിതര്‍, ശരണം ഇല്ലാത്തവര്‍
വീട് നഷ്ടപ്പെട്ടവര്‍, പിതാവിനോട് വഴക്കിട്ടവര്‍
ലഹരിയില്‍ സ്വപ്നം പുകച്ചവര്‍
വഴിയില്‍, പുഴയില്‍, മഴയില്‍ അലിഞ്ഞവര്‍
മണലില്‍, വെയിലില്‍ അലഞ്ഞവര്‍.
അന്ന് പ്രവാചകന്മാര്‍ക്കെല്ലാം
ഒരേ മുഖമായിരുന്നു, ഒരേ മണമായിരുന്നു
അവരുടെ രക്തത്തിന് ഒരേ നിറമായിരുന്നു.

പിന്നെ ഒരുറക്കം കഴിഞ്ഞു ഞാന്‍ ഉണര്‍ന്നപ്പോള്‍
പ്രവാചകന്മാര്‍ പോയിക്കഴിഞ്ഞിരുന്നു.
ആത്മനിന്ദയില്‍ പുരണ്ടു കിടക്കുമ്പോള്‍
പരിചയമുള്ള ചിലര്‍ തിരികെ വന്നു-
ചിലര്‍ എന്റെ കറുത്ത തൊലിയെ നോക്കി
പൊട്ടിപ്പൊട്ടി ചിരിച്ചു,
ചിലര്‍ എന്റെ മുഖത്ത് തുപ്പി,
എച്ചില്‍ തിന്നു കുറയ്ക്കുന്ന പട്ടി എന്ന് ആരോ
എന്റെ കയ്യില്‍ പച്ച കുത്തി.
മറ്റൊരുവന്‍ പോക്കറ്റില്‍ കയ്യിട്ടു
ഒരു പിടി നോട്ടുകള്‍ വാരി
എണ്ണി നോക്കാന്‍ പോലും മിനക്കെടാതെ
എന്റെ മുറുക്കിപ്പിടിച്ച മുഷ്ടികള്‍
വലിച്ചു തുറന്നു വച്ചു തന്നു.

അവരെല്ലാം ഇപ്പോള്‍ എവിടെപ്പോയി
എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്.
നിങ്ങള്‍ക്കൊപ്പം ഞാനും ചോദിക്കുന്നു
പ്രവാചകന്മാര്‍ എവിടെ പോയി?

ആരോ പറയുന്നു:
നാമൊന്നും എങ്ങും പോയിട്ടില്ല
വേഷം ഒന്ന് മാറിയാല്‍
തീരുന്നതല്ലല്ലോ പ്രവാചകത്വം.

ഇവരെ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
തിരിച്ചറിയാതെ എന്തൊക്കയോ ജല്പ്പിച്ചതിനു
പിഴ, എന്റെ പിഴ, എന്റെ ഏറ്റവും വലിയ പിഴ.

Tuesday, February 8, 2011

ചര്മാംബരന്‍- സുധീഷ്‌ കൊട്ടേംബ്രത്തിനു


ആ വാര്‍ത്ത ഞാന്‍ വായിച്ചിട്ടില്ല. രക്തമിറ്റുന്ന ദിനപ്പത്രങ്ങളെ വായിക്കുവാന്‍ ഭയമായത് കൊണ്ടായിരിക്കാം. ടെലിവിഷനില്‍ കാട്ടിയതും കണ്ടില്ല. കണ്ടാല്‍ കരയും എന്ന തന്നറിവ് കാരണവുമാകാം. എങ്കിലും ബോധത്തിന്റെ എല്ലാ തുറപ്പുകളിലൂടെയും ആ വാര്‍ത്ത എന്നിലെത്തി.

രാത്രിയുടെ തുരങ്കത്തിലൂടെ പാഞ്ഞു പോകുന്ന ഒരു തീവണ്ടിയില്‍ ഒറ്റക്കൊരു പെണ്കുട്ടിയിരിക്കുന്നു. വെളുത്ത വെളിച്ചമുള്ള തീവണ്ടി മുറിയിലേക്ക് കറുത്ത കാറ്റിനൊപ്പം ഒരു മനുഷ്യന്‍ കടന്നു വരുന്നു. അയാള്‍ അവളെ മാനഭംഗം ചെയ്യുവാന്‍ ശ്രമിക്കുന്നു. അവള്‍ കുതറിയോടി വാതില്‍ക്കലെത്തുന്നു. രത്യാസക്തിയാല്‍ മൂര്‍ച്ച കൂടിയ ഒരമ്പു പോലെ അയാള്‍ അവളെ മുറിപ്പെടുത്തുന്നു.

അവള്‍ വീണു പോകുന്നു. ശിലയുടെ ഘനിമയിലേക്ക്. പിന്നാലെ അവനും. ഇരുട്ടിന്റെ മറവില്‍, നിലവിളികള്‍ അമര്‍ന്നു പോകുന്നു.

പിന്നെ അവള്‍ മരിച്ചുവെന്നും അയാള്‍ പിടിയിലായെന്നും ഞാന്‍ കേട്ടു.

എത്രയോ കാമിനികളെ കിടക്കയിലെക്കാനയിച്ച എന്റെ ദേഹം ഒരു പിടച്ചിലോടെ അവരില്‍ നിന്ന് പറന്നു മാറുന്നു.

വിധി കല്‍പ്പിക്കാന്‍ ഞാനാര്?

ഒരു കാമഭ്രാന്തനു ഒരു പോലീസെന്ന കണക്കു വച്ചാല്‍ ആര്‍ക്കു നമ്മള്‍ യൂണിഫോം കൊടുക്കും.

എന്റെ ഉള്ളിലെ പോലീസും കള്ളനും കാമാഭ്രാന്തനും ഒരേ യൂനിഫോമാണ്. വെളുത്തത്. ആശുപത്രിയുടെ യൂണിഫോം. മരിച്ച്ചവരുടെതും.

നമുക്ക് ചികിത്സ വേണം. അല്ലെങ്കില്‍ മരിച്ചവരെ ആര്‍ക്കെങ്കിലും ചികിത്സിക്കാന്‍ കഴിയുമോ.

ന്യായത്തിനാണ് കണ്ണില്ലെന്ന് പറയുന്നത്. ക്രൂരതയ്ക്ക് കയ്യും വേണമെന്നില്ല.

ഞാനിപ്പോള്‍, എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു, സ്വയം ബഹിഷ്കൃതനായി അലയുകയാണ്.

ഇപ്പോള്‍ എന്റെ തുണി, സുഹൃത്തുക്കളെല്ലാം അഴിച്ചെറിഞ്ഞ ആണ്‍ തൊലികള്‍.

ഞാന്‍ ചര്മാംബരന്‍.

Saturday, January 29, 2011

കലാരംഗത്തെ ഫലിതങ്ങള്‍- 1

കലാകാരന്മാര്‍ നല്ല ഫലിതപ്രിയര്‍ കൂടിയാണ്. എന്ന് മാത്രമല്ല പലപ്പോഴും അവര്‍ ഫലിത പ്രയോഗങ്ങള്‍ക്കു പാത്രീഭൂതരും ആകാറുണ്ട്.

ജ്ഞാനപ്പഴം
ഒരു ദിവസം നമ്മുടെ കലാകാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു. കൂട്ടത്തിലൊരാള്‍, കുറച്ചു മദ്യം അകത്തു ചെന്നപ്പോള്‍ പുറമേക്ക് താത്വികന്നായി. ജ്ഞാനപ്പഴത്തെ പറ്റിയായിരുന്നു പിന്നെ അവന്‍ പറഞ്ഞത്.

അപ്പോള്‍ ആണ്ടിലധികവും വേറെ നിവൃത്തിയില്ലാത്തതിനാല്‍ വിദേശത്തു ജീവിക്കുന്ന നമ്മുടെ കലാകാരന്‍ എഴുന്നേറ്റു നിന്ന് ജ്ഞാനപ്പഴത്തെ സാധൂകരിച്ചു എന്തൊക്കയോ പറയുവാന്‍ തുടങ്ങി. ആവേശം മുറ്റിനിന്ന സംഭാഷണം.

കുറെക്കഴിഞ്ഞപ്പോള്‍ എന്തോ ഒരു പന്തികേട്‌. എല്ലാവരും ശ്രദ്ധിച്ചു. അപ്പോഴാണ്‌ മനസ്സിലാകുന്നത്‌, നമ്മുടെ കലാകാരന്‍ മാമ്പഴത്തെ കുറിച്ചാണ് ഇത്രയും ആവേശം മൂത്ത് സംസാരിച്ചു കൊണ്ടിരുന്നത്. ബഹളത്തിനിടയില്‍, ജ്ഞാനപ്പഴത്തെ നമ്മുടെ കലാകാരന്‍ മാമ്പഴമായി തെറ്റിദ്ധരിക്കുകയായിരുന്നു.

കമ്പോളം

കലയ്ക്കും സിനിമയ്ക്കും ഇടയില്‍ ഓടിനടക്കുന്ന ഒരു കലാകാരന്‍ സുഹൃത്തായ കലാനിരൂപകനോട്: എന്താ കലയുടെ കമ്പോളം ഇങ്ങിനി വരാത്ത വണ്ണം ഇടിഞ്ഞോ?

കലാ നിരൂപകന്‍: അതെന്താ സുഹൃത്തേ അങ്ങിനെയൊരു തോന്നല്‍ ഇപ്പോള്‍?

കലാകാരന്‍: അല്ല, ചിത്രകാരന്മാരെല്ലാം വീണ്ടും പരസ്പരം കുറ്റം പറഞ്ഞു തുടങ്ങുന്നതായി ഞാന്‍ കേട്ടു.

ബൂമും സാമൂഹ്യബോധവും

കമ്പോള ബൂമില്‍ കലാകാരന്മാര്‍ പറഞ്ഞത്: വെറുതെ സോഷ്യല്‍ കമ്മിട്മെന്റ്റ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവനവന്റെ പ്രയത്നത്തിന്റെ ഫലം അവനവനു കിട്ടും. കലയും കമ്പോളവും തമ്മിലുള്ള ബന്ധത്തെ അങ്ങിനെ തള്ളിപ്പറയാന്‍ കഴിയില്ല.

കമ്പോള തകര്‍ച്ചയില്‍ പറഞ്ഞുകേട്ടത്: നമുക്ക് കൂട്ടായ്മകള്‍ ഉണ്ടാകേണ്ടതുണ്ട്. കലയെന്നാല്‍ സമൂഹ മനുഷ്യന്റെ കൂട്ടായ്മയില്‍ നിന്നുണ്ടാകുന്നതാണ്.

Thursday, January 20, 2011

കലയുടെ മാമാങ്കം- ഇന്ത്യാ ആര്‍ട്ട് സമ്മിറ്റ് ൨൦൧൧.



ഇപ്പോള്‍ ഡല്‍ഹിയില്‍ തണുപ്പുണ്ട്. നിറയെ കലാകാരന്മാരും. ഇവിടെ കലയുടെ ഉച്ചകോടി നടക്കുകയാണ്. പ്രഗതി മൈതാനത്തിലാണ് മാമാങ്കം. കണക്കു പ്രകാരം മൂന്നു ദിവസമാണ് അങ്കം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് മാത്രമല്ല അന്യ രാജ്യങ്ങളില്‍ നിന്നും ധാരാളം കല പ്രേമികള്‍ എത്തിയിട്ടുണ്ട്. പകല്‍ മുഴുവന്‍ കല കാണലും രാത്രി മുഴുവന്‍ കുടിയും പാട്ടും ഉണ്ടാകും എന്ന് അച്ചടിച്ച രേഖകള്‍ പറയുന്നുണ്ട്.

ഗ്യാലറികള്‍ അവരവരുടെ കലാകാരന്മാരുടെ കലാ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കും. കലാ രംഗത്തെ സംസ്കൃത പണ്ഡിതന്മാര്‍ സെമിനാറുകളില്‍ അന്യോന്യം നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് പട്ടും വളയും ഒന്നും കിട്ടില്ല. വി. കെ. എന്‍ പറഞ്ഞത് പോലെ അശോകന്റെ ഹോട്ടെലില്‍ കിടപ്പും കുടിയും ആകാശമാര്‍ഗം പോകാന്‍, മറ്റൊരു ക്ലാസ്സിനും അര്‍ഹതയില്ലാത്ത വിഭാഗം എന്ന് കണക്കാക്കി ഇക്കണോമി ക്ലാസ്സില്‍ ടിക്കെറ്റും നല്‍കും. വലിയ കഷ്ടം തോന്നുന്നത് ഈ പണ്ഡിതന്മാര്‍ ബിസ്ലേരി വെള്ളത്തിന്റെ ബലത്തില്‍ വാദം നടത്തുമ്പോള്‍ കാണികളായി വന്നിരിക്കുന്ന കക്ഷികള്‍ ഇടയ്ക്കിടെ വായില്‍ സബ് വേയും കൈകളില്‍ ചൂട് കാപ്പിയുമായി ഇറങ്ങിപ്പോക്ക് നടത്തുമ്പോഴാണ്.

ആര്‍ട്ടിന്റെ ഈ ഉച്ചകോടിയില്‍ പ്രധാനമായും നടക്കുന്നത് ക്രയ വിക്രയം എന്ന് നല്ല പേരില്‍ അറിയപ്പെടുന്ന കച്ചവടമാണ്. വരുന്ന വര്‍ഷത്തെ സാമ്പത്തിക കാലയളവില്‍ പണ്ട് ഫോടോഗ്രഫുകളിലും സിനിമകളിലും കണ്ടുവന്നിരുന്ന നിറങ്ങളായ കറുപ്പും വെളുപ്പും നിറങ്ങളുള്ള പണം എവിടെ ഇറക്കണം എന്ന് വിചാരപ്പെടുന്നവരും, അവരെ പറഞ്ഞു പിടിപ്പിക്കാനായി ദലാല്‍പ്പണി നടത്തുന്ന ഗ്യാലരിക്കാരും, ലോകത്തുള്ള എന്തും ഇംഗ്ലീഷ് പറഞ്ഞാല്‍ വില്‍ക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന കുറെ മധ്യവയസ്കകളും, കലയെന്നാല്‍ ചക്കയാണോ കുരുവാണോ എന്ന് അറിഞ്ഞു കൂടാത്ത കുറെ സ്ഥാപിത താത്പര്യക്കാരും കൂടിയുള്ള ഒരു ഒത്തു കളിയാണ് ഈ മാമാങ്കത്തിന്റെ ഊര്‍ജം.

കാണികളെയും കലാ പ്രേമികളെയും രണ്ടു തരമായി തിരിച്ചിരിക്കുന്നു. ഒന്നാമത്തെ വിഭാഗത്തെ വി. ഐ. പി- കള്‍ എന്ന് പറയുന്നു. ഇവര്‍ക്ക് ചായയും കടിയും ഫ്രീ. കഴുത്തില്‍ സവിശേഷമായ പാസ്. എല്ലായിടത്തും ഇവര്‍ക്ക് നിര്‍ബാധം പ്രവേശിക്കാം. രണ്ടാമത്തെ വിഭാഗത്തിന് ഇന്നത്‌ എന്നൊരു പേര് ജനാധിപത്യ സംവിധാനത്തില്‍ ഇല്ല. പൊതുവേ ഇവരെ ജനം എന്ന് പറയുമെങ്കിലും ഈ ഉച്ചകോടിയുടെ കാര്യത്തിലാകുമ്പോള്‍ കലാകാരന്മാര്‍ ഉള്‍പ്പെടുന്ന കലാപ്രേമികളുടെ ഒരു വിഭാഗം എന്നേ പറയാനാകൂ. വി. ഐ. പി -കള്‍ പങ്കെടുക്കുന്ന എന്ത് പരിപാടിയുടെയും ചുറ്റുവട്ടത് ഈ വിഭാഗം എക്കാലവും ഉണ്ടായിരിക്കും. മാമാങ്ക നാളുകളില്‍ പാസ്സിനായി ഇവര്‍ പെടാപ്പാടു പെടും. ഇവര്‍ക്ക് ദേശകാല വ്യത്യാസങ്ങളില്ല. സങ്കടമാണ് ഇവരുടെ മുഖത്ത് തെളിയുന്ന സ്ഥായീ ഭാവം. ഉച്ചകോടിയില്‍ കാതലായ കലയെപ്പറ്റി രൂക്ഷമായ ചര്‍ച്ചകള്‍ നടത്തുന്ന ഒരേ ഒരു വിഭാഗവും ഇവരാണ്. വൈകുന്നേരമാകുമ്പോള്‍, പ്രഗതി മൈതാനം പൂട്ടുന്നത് വരെയും ഇവര്‍ അവിടെ ഉണ്ടാകും. വി. ഐ. പി-കള്‍ കഴുത്തിലെ പാസിന്റെ ബലത്തില്‍ വിരുന്നുകള്‍ക്ക് പോകുമ്പോള്‍, ഇവര്‍ കൂട്ടം ചേര്‍ന്ന് ഒരു കുപ്പി ജര്‍ജ്ജര ഭിക്ഷു വാങ്ങാന്‍ പിരിവെടുക്കും. ഇല്ലെങ്കില്‍ സൌജന്യമായി മദ്യം വിളമ്പുന്ന ഗ്യാലറികളില്‍ എത്തിപ്പെടും. അതുമില്ലെങ്കില്‍, താത്കാലിക താവളംങ്ങളിലേക്ക് കുറച്ചധികം അസ്തിത്വ ഭാരവുമായി തിരികെപ്പോകും- നാളയുടെ സുപ്രഭാതത്തില്‍ ഉണരാന്‍ വേണ്ടി മാത്രം.

എനിക്ക് ഇവരെ വേഗം തിരിച്ചറിയാം. കാരണം ഒരു കാലത്ത് ഞാന്‍ ഇവരായിരുന്നു. ഇന്നും ഇവരുടെ കണ്ണുകളിലൂടെ മാമാങ്കം കാണുവാനാണ് എനിക്കിഷ്ടം. ആ കാഴ്ച്ച മാത്രമാണ് സത്യം. അവര്‍ പച്ച കാലുറകള്‍ ധരിക്കുകയോ, രാത്രി കൂളിംഗ് ഗ്ലാസ്‌ വയ്ക്കുകയോ, ചുവന്ന നിറത്തിലുള്ള ഷൂവുകള്‍ ഇടുകയോ, മലയാളികളോട് ഇംഗ്ലീഷില്‍ സംസാരിക്കുകയോ ചെയ്യുകയില്ല.

ഈ മാമാങ്കം കാണുവാന്‍ ആദ്യമായി ഡല്‍ഹിയില്‍ വരുന്ന യുവാക്കള്‍ക്ക് ഒരു ഓമനപ്പേര് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ട്ട്പ്പന്മാര്‍. കന്നിയയ്യപ്പന്മാര്‍. ആഗ്രഹങ്ങളുടെ നെയ്യ് നിറച്ച ഹൃദയകേരവും അക്കാദമിക പാപങ്ങളുടെ ഇരുമുടിക്കെട്ടുമായി ഇവര്‍ മല ചവിട്ടുന്നു.

കലമല കയറ്റം കഠിനം എന്ടയ്യപ്പാ.

Monday, January 17, 2011

കാതറ



കായും തയും റായും കൂട്ടിവെച്ചാല്‍
ഒരു ആളാകുമെന്നു
പൊട്ടിപ്പോയ സ്ലേറ്റിന്റെ
മഷി നോട്ടത്തില്‍ കണ്ടു.

അമ്മയായിരുന്നു താന്ത്രിക.

പ്ലാവിലയില്‍ തല കീറി
പശുവേ ഉണ്ടാക്കി
രായെന്നോരക്ഷരത്തില്‍ നിന്ന്
എലിയെ പടച്ചു
ജ്യാമിതീയങ്ങളില്‍ നിന്നും
മാര്‍ജാര സംഹിത.

നായില്‍ നിന്നൊരു കോഴി
പായില്‍ നിന്നൊരു കിളി
പുറത്തു പട്ടിയും കുറുക്കനും
നദിക്കരയില്‍ വേടനും.

പഠിച്ചവനും പടച്ചവനും
ചതുരംഗം കളിക്കുന്നു
കാതറയുടെ കയ്യില്‍
തോക്ക് മുളയ്ക്കുന്നു.

തൊപ്പി, വടി, തോക്ക്
മുറി മീശ- ഇവ കണ്ടാല്‍
ഇപ്പോള്‍ പേടിയും ചിരിയും
ഒരുമിച്ചു വരും.

൨൦൧൧- ന്യൂ ഡല്‍ഹി

Sunday, January 16, 2011

ആളൊഴിഞ്ഞ വീട്

ആളൊഴിഞ്ഞ വീട്
ഒരു രൂപകം മാത്രമല്ല രൂപവുമാണ്
ആളൊഴിഞ്ഞ വീട്ടില്‍
അടുപ്പോഴിയുന്നു
ആട്ടു കട്ടിലില്‍ ചിതല്‍ പെരുക്കുന്നു
ആരൊക്കയോ വിട്ടുപോയ
ഓര്‍മകള്‍ക്ക് മേല്‍
അഴുക്കു നിറയുന്നു

ഫ്രിജ്ജില്‍ ഉള്ളിച്ചെടികള്‍
വളര്‍ന്നു നിറയുന്നു
തണുത്തുറഞ്ഞ ഒരാപ്പിളില്‍ നിന്ന്
സ്ത്രീയെ പ്രലോഭിപ്പിച്ച
പാമ്പ് ഇറങ്ങി വരുന്നു
പാതി നിറഞ്ഞ വൈന്‍ കുപ്പിയില്‍
ലഹരി കറുത്ത് പോകുന്നു
ഒരു ഹിമാലയം വളര്‍ന്നു മുറ്റുന്നു.

ഈ ചോരപ്പാടു ഓര്‍മ്മയുണ്ടാകും
ഫ്രിജ്ജിനു മുന്നില്‍ നിന്ന്
അടുക്കള വരെ തുള്ളി തുള്ളിയായി
അവളുടെ രക്തം
എന്‍റെ മുഷ്ടിയില്‍ നിന്നും
ചോര ഒഴുകുന്നുണ്ടായിരുന്നു
അതാണ്‌ പ്രണയം.
കിടക്കയില്‍ നിന്നിറങ്ങി
തെരുവിലെക്കോടുന്നു ജീവിതം.

ആളൊഴിഞ്ഞ വീട്
മരവിച്ചൊരു ചിത്രം പോലെ ആദ്യം
അല്പമൊന്നു ശ്രമിച്ചാല്‍
സ്വരസ്ഥാനം തെറ്റിയെങ്ങിലും
പാടിയ പാട്ടിന്‍റെ പല്ലവികള്‍
ചിതറിപ്പോയത് പെറുക്കിയെടുക്കാം
മങ്ങിപ്പോയ കണ്ണാടിയില്‍
ഓരോ ദിവസവും മിനുക്കിയ
മുഖങ്ങളെ തിരിച്ചെടുക്കാം

ബാത്റൂമില്‍
ക്ലോറിന്‍ പരലുകള്‍ വീണു
വെളുത്തു പോയ മാര്‍ബിളില്‍
ചരിത്രത്തില്‍ മാഞ്ഞു പോയ
സരസ്വതി പോലെ
സ്നാന രഹസ്യങ്ങള്‍.
ഓടയെ മറയ്ക്കുന്ന
വളക്കന്നിയില്‍ തടഞ്ഞു കിടക്കുന്ന
ദൈനംദിനതകള്‍.

ആളൊഴിഞ്ഞ വീടുകള്‍
ഒരുപക്ഷെ എല്ലായിടത്തും
ഇങ്ങനെയൊക്കെ തന്നെയാകാം
ആദ്യം രൂപകമായി പിന്നെ രൂപമായി
ഒരു രൂപവും കിട്ടാത്ത മനസ്സിലും
ആളുകള്‍ ഒഴിയുമ്പോള്‍
രൂപകത്തില്‍ വിശ്വസിക്കുകയാവും
കാമ്യം, ഭേദം, ഗുണം
എന്ത് പറയാന്‍...

- 2005 , ന്യു ഡെല്‍ഹി